സഊദിയിൽ ഉംറ തീർഥാടകരുടെ ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു

0
10

റിയാദ്: ഉംറ തീർഥാടകരുടെ ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. പത്തനാപുരം സ്വദേശിനി ഷീബ, നിലമ്പൂർ സ്വദേശി ഇസ്മാഈൽ എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചക്ക് ഒന്നോടെയായിരുന്നു അപകടം. റിയാദിന് സമീപം ഹോത്ത ബനീ തമീമിൽനിന്ന് പോയ ബസ് 500 കിലോമീറ്ററകലെ മഹലൂമിയ എന്ന സ്ഥലത്താണ് മറിഞ്ഞത്.

മലയാളി ഉംറ ഗ്രൂപ്പി​െൻറ കീഴിൽ വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് ഹോത്ത ബനീ തമീമിൽ നിന്ന് തീർഥാടകരുമായി ബസ് പുറപ്പെട്ടത്. യാത്രാമധ്യേ ഹരീഖ് പട്ടണത്തിലെത്തി സുബഹി നമസ്കാരം നിർവഹിച്ച ശേഷം സംഘം യാത്ര തുടർന്നു. ബസി​െൻറ ബ്രേക്കിന് തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഒരു വർക്ക്ഷോപ്പിൽ കയറ്റി അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഇതിന് ശേഷം യാത്ര തുടരുന്നതിനിടെയാണ് മഹ്‌ലൂമിയയിൽ വെച്ച് ബസി​െൻറ പിൻവശത്തെ രണ്ട് ടയറുകൾ വലിയ ശബ്​ദത്തോടെ പൊട്ടിത്തെറിച്ചത്.

ടയർ പൊട്ടിത്തെറിച്ചതോടെ നിയന്ത്രണം നഷ്​ടപ്പെട്ട ബസ് എതിർദിശയിലുള്ള റോഡിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. അപകടത്തി​െൻറ ആഘാതത്തിൽ ബസി​െൻറ മുകൾ വശത്തെ പാളികൾ തകർന്നുമാറുകയും, ആ വിടവിലൂടെ പുറത്തേക്ക് തെറിച്ചുപോയ ഷീബയും ഇസ്മാഈലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തു. അപകടസമയത്ത് ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നു. ബസി​െൻറ മുൻഭാഗവും പൂർണമായും തകർന്നു.

തകർന്ന വിടവുകളിലൂടെയാണ് മറ്റ് യാത്രക്കാർ പുറത്തിറങ്ങിയത്. ആദ്യം പുറത്തെത്തിയവർ ചേർന്നാണ് ബാക്കിയുള്ളവരെ രക്ഷപ്പെടുത്തിയത്.