വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ തൊഴിലെടുപ്പിച്ചാൽ, 10,000 റിയാല്‍, പാസ്പോര്‍ട്ട് പിടിച്ചു വെച്ചാൽ 3,000 റിയാൽ പിഴ; സഊദിയിൽ തൊഴിൽ നിയമലംഘനങ്ങൾക്കുള്ള പിഴ ശിക്ഷകൾ പരിഷ്കരിച്ചു, കർശന നടപടി 

0
4
  • തൊഴില്‍ കരാറുകള്‍ ഇലക്ട്രോണിക് രീതിയില്‍ രേഖപ്പെടുത്താതിരിക്കുന്നതിന് തൊഴിലുടമക്ക് 1,000 റിയാല്‍ പിഴ ലഭിക്കും.

റിയാദ്: സഊദി അറേബ്യയിൽ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ പരിഷ്‌കരിച്ചു. ഴിൽ വിപണിയിൽ കൂടുതൽ സുതാര്യതയും അച്ചടക്കവും ഉറപ്പാക്കുന്നതിനായാണ് തൊഴിൽ ലംഘനങ്ങളും അവയ്ക്കുള്ള പിഴകളും പരിഷ്കരിച്ചത്. മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് അൽ രാജ്‌ഹി ഇത് സംബന്ധിച്ചു ഉത്തരവ് പുറത്തിറക്കി. പുതിയ ഭേദഗതികൾ പ്രകാരം നിയമലംഘനങ്ങളെ വിവിധ തൊഴിൽ മേഖലകൾക്ക് അനുസൃതമായി തരംതിരിക്കുകയും ശിക്ഷാ നടപടികൾ കൂടുതൽ വ്യക്തമാക്കുകയും ചെയ്തു. ശിക്ഷാ നടപടികളും പിഴകളും വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

പുതിയ പിഴകൾ

  • തൊഴിലാളിയുടെ പാസ്പോര്‍ട്ടോ ഇഖാമയോ തൊഴിലുടമ കസ്റ്റഡിയില്‍ വെക്കുന്നതിനുള്ള പിഴ 3,000 റിയാൽ ഈ (നേരത്തെ ഈ നിയമ ലംഘനത്തിന് 2,000 റിയാലായിരുന്നു പിഴ) പാസ്പോര്‍ട്ടോ ഇഖാമയോ പിടിച്ചുവെക്കുന്ന തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് തൊഴിലുടമക്ക് ഇരട്ടി തുക പിഴ ലഭിക്കും.
  • വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ വിദേശിയെ ജോലിക്ക് വെക്കുന്ന തൊഴിലുടമക്ക് 10,000 റിയാല്‍ പിഴ ചുമത്തും
  • 15 വയസ്സിന് താഴെയുള്ള കുട്ടികളെ ജോലിക്കെടുത്താൽ 50 ഉം അതില്‍ കൂടുതലും തൊഴിലാളികളെ ജോലിക്ക് വെക്കുന്ന കമ്പനികള്‍ക്ക് 2,000 റിയാല്‍ വരെ പിഴ ചുമത്തും. ഇത്തരം നടപടി ഗുരുതരമായ നിയമലംഘനമായാണ് തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 167 ൽ വര്‍ഗീകരിച്ചിരിക്കുന്നത്.
  • കൗമാരക്കാരുടെ ജോലി സംബന്ധിച്ച ചട്ടങ്ങള്‍ പാലിക്കുന്നതില്‍ സ്ഥാപനം പരാജയപ്പെട്ടാൽ 1,500 റിയാല്‍ പിഴ ഈടാക്കും. കൗമാരക്കാരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങള്‍ക്ക് ഇരട്ടി തുക പിഴ ലഭിക്കും.
  • പ്രസവാവധി നല്‍കിയില്ലെങ്കിൽ 1,000 റിയാൽ പിഴ. പ്രസാവവധി നല്‍കാത്ത ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങള്‍ക്ക് പിഴ വർധിക്കും.
  • അമ്പതും അതില്‍ കൂടുതലും ജീവനക്കാരുള്ള, വനിതാ ജീവനക്കാര്‍ക്ക് ആറു മുതല്‍ പത്തു വയസ് വരെ പ്രായമുള്ള പത്തും അതില്‍ കൂടുതലും കുട്ടികളുള്ള സ്ഥാപനങ്ങള്‍ ചൈല്‍ഡ് കെയര്‍ സൗകര്യമോ നഴ്സറിയോ ഒരുക്കാതിരുന്നാല്‍ 3,000 റിയാല്‍ പിഴ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
  • ജീവനക്കാരുടെ തൊഴില്‍ കരാറുകള്‍ ഇലക്ട്രോണിക് രീതിയില്‍ രേഖപ്പെടുത്താതിരിക്കുന്നതിന് തൊഴിലുടമക്ക് 1,000 റിയാല്‍ പിഴ ലഭിക്കും. തൊഴില്‍ കരാര്‍ ഡോക്യുമെന്റ് ചെയ്യാത്ത തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങള്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും.
  • സഊദികള്‍ക്ക് ജോലി കണ്ടെത്തിനല്‍കല്‍, വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ്, നേരിട്ടോ അല്ലാതെയോ ഔട്ട്‌സോഴ്‌സിംഗ് ചെയ്യല്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമ ലംഘനത്തിന് ആദ്യ തവണ 2,00,000 റിയാലും, രണ്ടാം തവണ 2,20,000 റിയാലും മൂന്നാം തവണ 2,50,000 റിയാലും പിഴ ചുമത്തും.
  • ഗാര്‍ഹിക തൊഴിലാളി സേവനങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങളെ നിയന്ത്രിക്കുന്ന വ്യവസ്ഥകള്‍ ലംഘിക്കുന്നതിനും അത്തരം പരസ്യങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനും 15,000 റിയാൽ വരെ ഈടാക്കും. ആവര്‍ത്തിച്ചുള്ള നിയമ ലംഘനങ്ങള്‍ക്ക് പിഴ ഇരട്ടിയാക്കാനും പ്രവര്‍ത്തനം താല്‍ക്കാലികമായി വിലക്കാനും ഭേദഗതികളില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

തൊഴിൽ മേഖലയിലെ വിവിധ ലംഘനങ്ങളെ പ്രത്യേക വിഭാഗങ്ങളായും തിരിച്ചിട്ടുണ്ട്. ഖനനം, സമുദ്ര തൊഴിൽ കരാറുകൾ, റിക്രൂട്ട്‌മെന്റ് കമ്പനികൾ, ഗാർഹിക തൊഴിലാളികൾ, കാർഷിക മേഖലയിലെ തൊഴിലാളികൾ തുടങ്ങി ഓരോ മേഖലയ്ക്കും പ്രത്യേകമായുള്ള ലംഘനങ്ങളും പിഴകളും പുതിയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലൈസൻസില്ലാതെ സഊദി പൗരന്മാരെ നിയമിക്കുകയോ, റിക്രൂട്ട്‌മെന്റ് നടത്തുകയോ ചെയ്യുന്നതിനെതിരെയുള്ള പിഴകളും കർശനമാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.