ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ സുരക്ഷ വർധിപ്പിച്ചു. ആലപ്പുഴ ജില്ലയിലെ പുതുയുഗ യാത്രാ വേദികളിൽ കൂടുതൽ പൊലീസുകാരെത്തി. വി ഡി സതീശനെതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നടപടി. ചേർത്തലയിലും ആലപ്പുഴ ടൗണിലുമാണ് ഇനി പുതുയുഗ യാത്ര എത്തുന്നത്.
ആരോഗ‍്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്‌യു ആക്രമണത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. അതിനാൽ വി ഡി സതീശനെതിരേ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധത്തിന് സാധ‍്യതയുണ്ടെന്നാണ് റിപ്പോർട്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സിപിഎം പ്രതിഷേധം നടക്കുകയാണ്. വിവിധ ഇടങ്ങിൽ കോൺഗ്രസ് കൊടിമരങ്ങളും പുതുയുഗ യാത്രയുടെ ഫ്ലക്സ് ബോർഡുകളും പ്രതിഷേധക്കാർ നശിപ്പിച്ചു. അതേ സമയം, കെഎസ്‍യു പ്രവർത്തകർ വീണാ ജോർജിനെ അക്രമിച്ചുവെന്ന വാദം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയതിൽ പ്രവർത്തകർ മന്ത്രിയുടെ അടുത്ത് പോലും എത്തിയില്ലെന്നാണ് ബോധ്യമായത്. ഇത് വാർത്താ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യത്തിൽ വ്യക്തമാണെന്നും സതീശൻ പറഞ്ഞു.
മൂന്നോ നാലോ കെഎസ്‍യു പ്രവർത്തകർ മാത്രമായിരുന്നു പ്രതിഷേധത്തിനെത്തിയത്. മുപ്പത്തിയഞ്ചോളം പൊലീസുകാർ ഉണ്ടായിരുന്നു. മന്ത്രിയാണ് ആക്രോശിച്ച് പ്രവർത്തകരുടെ നേരെ എത്തിയത്. അതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൂടുതൽ ദൃശ്യങ്ങൾ പരിശോധിക്കും. വിഷയം പാർട്ടി കൃത്യമായി പരിശോധിക്കും. കെഎസ്‍യു പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും സതീശൻ പറഞ്ഞു.





