തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; രാഹുൽ ഗാന്ധി ഇന്നെത്തും

0
26

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളിലേക്ക് സംസ്ഥാനം നീങ്ങവേ, കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി രണ്ടു ഘട്ടങ്ങളായി കേരളം സന്ദർശിക്കും. ഫെബ്രുവരി 25, 26 തീയതികളിലാണ് ആദ്യസന്ദർശനം. മാർച്ച് ആറ്, ഏഴ് തീയതികളിൽ രണ്ടാം സന്ദർശനവും.

25-ന് എത്തുന്ന അദ്ദേഹം 26-ന് കണ്ണൂരിൽ കർഷകരുമായി ആശയവിനിമയം നടത്തും. വയനാട്ടിൽ കോൺഗ്രസ് നിർമിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനവും നടത്തും. ഘടകകക്ഷിനേതാക്കളുമായുള്ള കൂടിക്കാഴ്ചയും ഈ ദിവസങ്ങളിൽ നടക്കും. സീറ്റുവിഭജന ചർച്ചകൾ നീളുന്നതും പൊതുരാഷ്ട്രീയസാഹചര്യങ്ങളും കക്ഷിനേതാക്കളുമായുള്ള ചർച്ചയിൽവരും. പ്രതിപക്ഷനേതാവിന്റെ യാത്രയുടെ സമാപനത്തിന് മാർച്ച് ആറിന് എത്തുന്ന അദ്ദേഹം കൊല്ലത്ത് ശിവഗിരിമഠം സംഘടിപ്പിക്കുന്ന പരിപാടിയിലും പങ്കെടുക്കും.