ചെന്നൈ: മുൻ തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ തോഴി വി.കെ.ശശികല പുതിയ പാർട്ടി പ്രഖ്യാപിച്ചു. പേര് പിന്നീടു പ്രഖ്യാപിക്കുമെന്ന് അറിയിച്ചു. ശശികല ഉൾപ്പെടുന്ന തേവർ സമുദായത്തിന്റെ ശക്തികേന്ദ്രമായ രാമനാഥപുരത്തെ പശുംപൊന്നിൽ ജയലളിത ജന്മവാർഷിക സമ്മേളനത്തിലാണു പ്രഖ്യാപനം നടത്തിയത്. പാർട്ടി കൊടിയും പുറത്തിറക്കി. കറുപ്പ്, വെള്ള, ചുവപ്പ് എന്നീ നിറങ്ങളിലുള്ള കൊടിയിൽ സി.എൻ.അണ്ണാദുരൈ, എംജിആർ, ജയലളിത എന്നിവരുടെ ചിത്രങ്ങളുമുണ്ട്.
‘‘നമ്മൾ പുതിയൊരു രാഷ്ട്രീയ അദ്ധ്യായത്തിനു സാക്ഷ്യം വഹിക്കാൻ പോകുകയാണ്. ഞങ്ങൾ പുതിയൊരു പാർട്ടി രൂപികരിക്കാൻ പോകുന്നു’’, ശശികല പറഞ്ഞു. ദരിദ്രർക്കും, അടിച്ചമർത്തപ്പെട്ടവർക്കും, സാധാരണക്കാർക്കും വേണ്ടി പാർട്ടി പ്രവർത്തിക്കുമെന്നും ശത്രുക്കളെയും രാജ്യദ്രോഹികളെയും വേരോടെ പിഴുതെറിയുമെന്നും അവർ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികൾ മത്സരിക്കുമെന്നും ശശികല പറഞ്ഞു. അനധികൃത സ്വത്ത് കേസിൽ ശിക്ഷിക്കപ്പെട്ടതിന്റെ അയോഗ്യതയുള്ളതിനാൽ ശശികലയ്ക്കു മത്സരിക്കാനാകില്ല. അണ്ണാഡിഎംകെ വോട്ടുകൾ ചോർത്തുമെന്നതിനാൽ ശശികലയുടെ നീക്കം എൻഡിഎക്കു തിരിച്ചടിയാണ്.





