റിയാദ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് ഉംറ കർമങ്ങളെക്കുറിച്ചും സൗദി സന്ദർശനത്തിന്റെ സമഗ്ര വിവരങ്ങളും ഉൾപ്പെടുത്തി മലയാളം ഉൾപ്പെടെ 16 ഭാഷകളിൽ ഗൈഡ് പുറത്തിറക്കി ഹജ്, ഉംറ മന്ത്രാലയം.
തീർഥാടകർക്കിടയിൽ ബോധവൽക്കരണം വർധിപ്പിക്കുകയും ഭാഷാപരമായ തടസ്സങ്ങൾ നീക്കി കർമങ്ങൾ എളുപ്പമാക്കുകയുമാണു ലക്ഷ്യം.
ഉംറയുടെ കർമങ്ങൾ (ഇഹ്‌റാം, ത്വവാഫ്, സഅ്‌യ്), വീസ നടപടിക്രമങ്ങൾ, മക്കയിലെയും മദീനയിലെയും ചരിത്ര പ്രധാന സ്ഥലങ്ങൾ, ആരോഗ്യ നിർദേശങ്ങൾ, സാമ്പത്തിക ഇടപാടുകൾ, സൈബർ സുരക്ഷ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഇതിലുണ്ട്. പുസ്തകമായും ഓഡിയോ, വിഡിയോ, പിഡിഎഫ് രൂപങ്ങളിലും ഗൈഡ് ലഭിക്കും. www.guide.haj.gov.sa വെബ്സൈറ്റിൽ ഡിജിറ്റൽ കോപ്പി ലഭ്യമാണ്.
ഭാഷകൾ
മലയാളം, ഉറുദു, അറബിക്, ഇംഗ്ലിഷ്, ഫ്രഞ്ച്, ടർക്കിഷ്, പേർഷ്യൻ, ഉസ്ബെക്, ഇന്തൊനീഷ്യൻ, ബംഗാളി, ഹൗസ, അംഹാരിക്, സ്പാനിഷ്, റഷ്യൻ, സിംഹള, മലേഷ്യൻ എന്നീ ഭാഷകളിലാണ് ഉംറ ആൻഡ് വിസിറ്റ് ഗൈഡ് പുറത്തിറക്കിയത്.





