കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി തകർന്ന് മൂന്ന് പേർ മരിച്ചസംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. പൊളിച്ചുമാറ്റേണ്ട സ്ഥിതിയിലുണ്ടായിരുന്നു കെട്ടിടം നിലനിർത്തിയത് കോർപ്പറേഷന്റെ വീഴ്ചയായാണ് പ്രതിപക്ഷം ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നത്.
കോഴിക്കോട് നടന്നത് ദൗർഭാഗ്യകരമായ സംഭവമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നേരത്തെ പൊളിക്കേണ്ടിയിരുന്ന കെട്ടിടമായിരുന്നു. കോർപ്പറേഷന് കടുത്ത അനാസ്ഥ ഉണ്ടായി. വിശദമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നും പറഞ്ഞ ചെന്നിത്തല ഇത്തരം സംഭവങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്വം ഉണ്ടെന്നും ഓർമിപ്പിച്ചു.
മരിച്ചവരുടെ കുടുംബനങ്ങൾക്ക് നഷ്ട പരിഹാരം നൽകണമെന്ന് കോർപ്പറേഷനിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. കെട്ടിടം അൺ ഫിറ്റ് ആയിരുന്നു. അങ്ങാടിയിൽ അഞ്ചു കെട്ടിടങ്ങൾ അൺഫിറ്റ് ആണെന്ന് നേരത്തെ കണ്ടെത്തിയതാണ്. 2024 – ൽ തന്നെ ഡിപിആർ തയ്യാറാക്കിയതാണ്. 2024 ൽ കെട്ടിടം പൊളിച്ചു മാറ്റാൻ തീരുമാനിച്ചിരുന്നുവെന്ന് കോർപറേഷൻ പ്രതിപക്ഷ നേതാവ് എസ്. കെ. അബൂബക്കർ പറഞ്ഞു. പിന്നീട് എന്തുകൊണ്ട് പൊളിക്കാൻ തീരുമാനിച്ച കെട്ടിടങ്ങൾ വാടകക്ക് നൽകി എന്ന ചോദ്യമാണ് ഉയത്തുന്നത്.
അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ ആവശ്യപ്പെട്ടു. അപകടത്തിൽപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം. മൂന്നുപേരുടെയും മരണത്തിന് ഉത്തരവാദി കോഴിക്കോട് കോർപ്പറേഷനാണ്. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ നിരവധി തവണ കോൺഗ്രസ് ചൂണ്ടി കാണിച്ചതാണ്. പൊളിക്കാൻ വെച്ച കെട്ടിടത്തിൽ രണ്ടുമാസം മുൻപ് ഒരു സ്ഥാപനം വന്നിരിക്കുകയാണ്. ഇതെല്ലാം കോർപ്പറേഷന്റെ അനാസ്ഥയാണ്. അപകടത്തിന്റെ പരിപൂർണ്ണ ഉത്തരവാദിത്വം കോഴിക്കോട് കോർപ്പറേഷനാണെന്നും പ്രവീൺകുമാർ പറഞ്ഞു.
അതേ സമയം കെട്ടിടം തകർന്ന സംഭവത്തിൽ മേയറും കോർപ്പറേഷൻ സെക്രട്ടറിയും രണ്ട് തട്ടിലാണ്. കെട്ടിടം അൺ ഫിറ്റായിരുന്നുവെന്ന് കോർപ്പറേഷൻ സെക്രട്ടറി കെ.യു. ഹരീഷ് പറഞ്ഞു. ലൈസൻസ് കാലാവധി അവസാനിക്കാത്തതിനാലാണ് ഒഴിപ്പിക്കാതിരുന്നത്. 2024ലാണ് കെട്ടിടം അൺ ഫിറ്റാണെന്ന് കണ്ടെത്തിയതെന്നും കെ.യു ഹരീഷ് പറഞ്ഞു. എന്നാൽ അതേ സമയം അപകടത്തെ രാഷ്ട്രീയ സംഘടനകൾ അവസരമാക്കി എടുക്കരുതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പറഞ്ഞു. അപകടത്തിൽപ്പെട്ടവരുടെ കുടുംബത്തിന് ആവശ്യമായ സഹായം ഉറപ്പാക്കും. ‘പ്രാഥമിക അന്വേഷണത്തിന് ശേഷം നടപടി ഉണ്ടാകും’.





