ഇറാൻ – യുഎസ് മൂന്നാം ഘട്ട ആണവ ചർച്ച വ്യാഴാഴ്ച ജനീവയിൽ

0
47

മസ്‌കത്ത്: ഇറാനും യുഎസും തമ്മിലുള്ള മൂന്നാം ഘട്ട ആണവ ചർച്ച വ്യാഴാഴ്ച ജനീവയിൽ നടക്കുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി. യുഎസ് സൈനിക നടപടി ഏതുനിമിഷവും ഉണ്ടായേക്കാമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പ്രഖ്യാപനം.

‘കരാർ അന്തിമമാക്കുന്നതിനായി കൂടുതൽ മുന്നോട്ട് പോകാനുള്ള അനുകൂലമായ ശ്രമത്തോടെ, യുഎസ് – ഇറാൻ ചർച്ചകൾ വ്യാഴാഴ്ച ജനീവയിൽ നടക്കുമെന്ന് സ്ഥിരീകരിക്കുന്നതിൽ സന്തോഷമുണ്ട്’ – യുഎസും ഇറാനും തമ്മിലുള്ള പരോക്ഷ ചർച്ചകളിൽ മധ്യസ്ഥനായി പ്രവർത്തിക്കുന്ന സയ്യിദ് ബദർ അൽ ബുസൈദി പറഞ്ഞു.

സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കുകയും ‘സമാധാനപരമായ ആണവ സമ്പുഷ്ടീകരണത്തിനുള്ള’ ഇറാന്റെ അവകാശം അംഗീകരിക്കുകയും ചെയ്താൽ, ഒരു കരാറിലെത്താനായി ആണവ പദ്ധതിയിൽ പുതിയ വിട്ടുവീഴ്ചകൾക്ക് ഇറാൻ തയാറാണെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇറാൻ – യുഎസ് ചർച്ചയിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. സമീപകാല ചർച്ചകൾ പ്രോത്സാഹജനകമായ സൂചനകൾ നൽകി എന്ന് പറഞ്ഞ അദ്ദേഹം, സാധ്യമായ ഏത് സാഹചര്യത്തെയും നേരിടാനുള്ള ഇറാന്റെ സന്നദ്ധതയും ചൂണ്ടിക്കാട്ടി.