തിരുവനന്തപുരം: സർക്കാറുമായി ഇടഞ്ഞ ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ ഉടൻ കോൺഗ്രസിലേക്ക് എന്ന് സൂചന. വിഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിൽ അംഗത്വം സ്വീകരിക്കാനാണ് നീക്കം.
തിരുവനന്തപുരം ജില്ലയിൽ സീറ്റ് നൽകി ‘സ്റ്റാർ കാംപയിനർ’ ആക്കി ഉയർത്തിക്കാട്ടാൻ ആണ് കോൺഗ്രസ് ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോർട്ട്. കഴക്കൂട്ടത്ത് പ്രേംകുമാർ സ്ഥാനാർഥിയായേക്കില്ല. പകരം തിരുവനന്തപുരത്ത് മറ്റൊരു സീറ്റാകും നൽകുക.
വിവാദങ്ങളെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത്ത് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ ശേഷം വൈസ് ചെയര്‍മാന്‍ പ്രേംകുമാറിനായിരുന്നു ചലച്ചിത്ര അക്കാദമി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല. എന്നാൽ അക്കാദമിക്ക് ഒരു സ്ഥിരം ചെയര്‍മാന്‍ വേണമെന്ന ആവശ്യം പരിഗണിച്ചാണ് അക്കാദമി ചെയർമാന്‍ സ്ഥാനത്ത് നിന്ന് പ്രേംകുമാറിനെ മാറ്റിയത്. ഔദ്യോഗിക അറിയിപ്പ് ലഭിക്കാതെയാണ് മാറ്റിയത് എന്നതടക്കം പ്രേംകുമാർ തുറന്നുപറഞ്ഞിരുന്നു.
അതൃപ്തി പരസ്യമാക്കിയതോടെയാണ് പ്രേംകുമാറിനെ പാർട്ടിയിൽ എത്തിക്കാൻ കോൺഗ്രസ് നീക്കം ആരംഭിച്ചത്. നീരസം പരസ്യമാക്കിയതിന് പിന്നാലെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രേംകുമാറിനെ ഫോണിൽ വിളിച്ച് കോൺഗ്രസിലേക്ക് ക്ഷണിച്ചുവെന്നായിരുന്നു റിപ്പോർട്ടുകൾ. പ്രാദേശിക കോൺഗ്രസ് നേതാക്കൾ പ്രേംകുമാറുമായി സംസാരിച്ചതിന് പിന്നാലെയാണ് കെ.സി. വേണുഗോപാലിൻ്റെ ഇടപെടൽ.
എന്നാൽ കോൺഗ്രസിലേക്ക് ക്ഷണിച്ച് ആരും തന്നെ വിളിച്ചിരുന്നില്ലെന്നും കെ.സി. വേണുഗോപാലുമായി സൗഹൃദ സംഭാഷണം മാത്രമാണ് നടത്തിയതെന്നുമായിരുന്നു പ്രേംകുമാർ പറഞ്ഞത്. കോൺഗ്രസിലേക്ക് പോകുമോ എന്ന ചോദ്യത്തിന് കാര്യങ്ങൾ മുൻകൂട്ടി തീരുമാനിക്കുന്ന ആളല്ല താൻ എന്നും പ്രേംകുമാർ പറഞ്ഞിരുന്നു.





