സ്ഥാനാർഥിനിർണയത്തിന് അത്ര തിടുക്കംവേണ്ടാ; കോൺഗ്രസ് ഡൽഹി ചർച്ച മാറ്റി

0
64

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് രണ്ടാം വാരത്തോടെയേ ഉണ്ടാകുവെന്ന നിഗമനത്തിൽ സ്ഥാനാർഥി നിർണയത്തിന് തിടുക്കം വേണ്ടെന്ന് കോൺഗ്രസ്. ഞായറാഴ്ച ഡൽഹിയിൽ ഹൈക്കമാൻഡുമായി നടത്താനിരുന്ന ചർച്ച 29-ലേക്കു മാറ്റി.

ഘടകകക്ഷികളുമായി ആദ്യറൗണ്ട് ചർച്ച പൂർത്തിയാക്കിയെങ്കിലും സീറ്റ് കൈമാറ്റത്തിൽ അന്തിമ ധാരണയിലെത്തിയിട്ടില്ല. കേരള കോൺഗ്രസുമായുള്ള ചർച്ചയാണ് വഴിമുട്ടി നിൽക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പുതുയുഗയാത്ര തുടങ്ങിയശേഷം പി.ജെ. ജോസഫുമായി ആശയവിനിമയം നടന്നിട്ടില്ല. കഴിഞ്ഞപ്രാവശ്യം മത്സരിച്ച പത്ത് സീറ്റും വേണമെന്നതിൽ കേരള കോൺഗ്രസ് ഉറച്ചുനിൽക്കുന്നു. ചില സീറ്റുകളിൽ വെച്ചുമാറ്റമാകാമെന്നുമാത്രം. എന്നാൽ, കോതമംഗലം, ഇടുക്കി, ഏറ്റുമാനൂർ, കുട്ടനാട് സീറ്റുകൾ ഏറ്റെടുക്കുമെന്നാണ് കോൺഗ്രസ് നിലപാട്.

മുസ്‌ലിംലീഗ് അധിക സീറ്റ് ചോദിച്ചിട്ടില്ല. കളമശ്ശേരി വിട്ടുനൽകി പകരം കൊച്ചി തരാമെന്ന വാഗ്ദാനത്തോട് താത്പര്യവുമില്ല. കളമശ്ശേരിയിൽ അന്തരിച്ച വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകന് സീറ്റ് നൽകാനാണ് ഉദ്ദേശിക്കുന്നത്. അതേസമയം, തിരുവമ്പാടി ഒരു തവണത്തേക്ക് വിട്ടുനൽകാൻ തയ്യാറാകും. അതിന് പകരമേതെന്നതിൽ അന്തിമ ധാരണയായിട്ടില്ല.

പുനലൂരിനുപകരം ചടയമംഗലം എന്ന നിർദേശവും ചർച്ചയിലാണ്. ആർ.എസ്.പി. ഇരവിപുരം വിട്ട് ചടയമംഗലം എടുത്താൽ ലീഗ് പകരമായി ഇരവിപുരം എടുത്തേക്കും. എന്നാൽ, ആർ.എസ്.പി.യിൽ ഇക്കാര്യത്തിൽ അഭിപ്രായഐക്യമായിട്ടില്ല. കോങ്ങാടും ബാലുശ്ശേരിയും വെച്ചുമാറാനും ലീഗും കോൺഗ്രസും ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. സി.എം.പി.ക്ക് തിരുവമ്പാടിയാണെന്നാണ് സൂചന. ഫോർവേഡ് ബ്ലോക്കിനും ഒരു സീറ്റ് നൽകും. ഏതാണെന്ന് വ്യക്തമായിട്ടില്ല.

ഒരു റൗണ്ട് ഇരുന്നാൽ സീറ്റുകളിൽ ധാരണയാകുമെന്നാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. ഇടതുമുന്നണി സീറ്റ് ചർച്ചകളിലേക്ക് കടക്കാനിരിക്കുന്നതേയുള്ളൂ. ചില സീറ്റുകളിൽ അതുകൂടി നോക്കിവേണം സ്ഥാനാർഥിനിർണയം നടത്താൻ. സ്ഥാനാർഥികൾ നേരത്തേ രംഗത്തിറങ്ങിയാൽ തിരഞ്ഞെടുപ്പ് ചെലവും കൂടുമെന്നും പരിഗണിച്ചു.