തിരുവനന്തപുരം: സംസ്ഥാനത്തെ കൊടും ചൂടിന് ആശ്വാസമായി വേനൽ മഴ എത്തുന്നു. ഏപ്രിൽ 29,30 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച നാല് ജില്ലകളിലാണ് യെല്ലോ അലേർട്ട് നൽകിയിരിക്കുന്നത്.
പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. 30ന് കോട്ടയം, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മുതൽ 29 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
അതേസമയം, ഇന്നും അത്യുഷ്ണ മുന്നറിയിപ്പുണ്ട്. വയനാടും ഇടുക്കിയും ഒഴികെയുള്ള എല്ലാ ജില്ലകളിലും മുന്നറിയിപ്പ് തുടരുകയാണ്. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
