മക്ക/മദീന: പുണ്യ റമസാന്റെ ആദ്യ വെള്ളിയാഴ്ചയിലെ ജുമുഅ നിസ്‌കാരത്തിന് ഇരുഹറമുകളും വിശ്വാസികളാല്‍ നിറഞ്ഞു. വ്യാഴാഴ്ച മുതല്‍ തന്നെ ഹറമുകളെ ലക്ഷ്യമാക്കി തീര്‍ഥാടകരുടെ ഒഴുക്ക് തുടങ്ങിയിരുന്നു.
നിസ്‌കാരത്തിനെത്തിയവര്‍ ഹറമുകളുടെ മുറ്റങ്ങളും കവിഞ്ഞ് സമീപത്തെ റോഡുകളിലെത്തിയിരുന്നു. ഈ വര്‍ഷം റമസാനിലെ ജുമുഅ നിസ്‌കാരത്തിന്, മക്കയിലെ മസ്ജിദുല്‍ ഹറമിലും പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
മസ്ജിദുല്‍ ഹറമില്‍ ജുമുഅ ഖുതുബക്കും നിസ്‌കാരത്തിനും ശൈഖ് ഡോ. അബ്ദുല്ല ബിന്‍ അവാദ് അല്‍-ജുഹാനി നേതൃത്വം നല്‍കി. ‘വിശ്വാസിക്ക് ഭക്തി വളര്‍ത്തിയെടുക്കാന്‍ വേണ്ടിയാണ് നോമ്പ് നിര്‍ദേശിക്കപ്പെട്ടത്. ഇത് വിശ്വാസത്തിന്റെ അടിസ്ഥാന തത്വമാണ്.- ‘തീര്‍ച്ചയായും, അല്ലാഹു നീതിമാന്മാരില്‍ നിന്ന് മാത്രമേ സ്വീകരിക്കുകയുള്ളൂ’ എന്ന ഹദീസ് വാക്യം ഉദ്ധരിച്ച് ഇമാം പറഞ്ഞു.
നോമ്പുകാരന്‍ അല്ലാഹു വിലക്കിയതിനെ ഒഴിവാക്കുന്നു. അനീതി, വഞ്ചന, അവകാശങ്ങള്‍ നിഷേധിക്കല്‍, നിഷിദ്ധമായ പ്രവൃത്തികള്‍ തുടങ്ങിയവയില്‍ നിന്നും വിട്ടുനില്‍ക്കുന്നു. പുണ്യ ദിനങ്ങളില്‍ വിശ്വാസി പാലിക്കേണ്ട മര്യാദകള്‍ പാലിച്ച് അതിനെ ദുര്‍ബലപ്പെടുത്തുന്ന കാര്യങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും നോമ്പ് ഭക്തിയിലേക്കുള്ള മാര്‍ഗമാണെന്നും ഖുര്‍ആന്‍ പാരായണത്തിലും ആരാധനയിലും സമയം ചെലവഴിക്കണമെന്നും ഇമാം വിശ്വാസികളോട് ഉണര്‍ത്തി.
മസ്ജിദുന്നബവിയില്‍ ശൈഖ് ഡോ. സലാഹ് അല്‍-ബുദൈര്‍ ജുമുഅ ഖുതുബക്കും നിസ്‌കാരത്തിനും നേതൃത്വം നല്‍കി. റമസാനിലേക്ക് പ്രവേശിച്ചതോടെ കൂടുതല്‍ സമയം ഇബാദത്തുകള്‍ക്ക് വേണ്ടി ചെലവഴിക്കണമെന്നും മരണപ്പെട്ടവരുടെ വേര്‍പാടിനെ കുറിച്ച് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
റംസാന്‍ സ്വീകാര്യതയുടെയും ഔദാര്യത്തിന്റെയും നരകത്തില്‍ നിന്നുള്ള മോചനത്തിന്റെയും മാസമാണ്. സ്വീകാര്യതയുടെ കാറ്റ് വീശി, നന്മയുടെ പ്രവാഹം ചൊരിഞ്ഞു, സ്‌നേഹിക്കുന്നവര്‍ക്ക് നന്മയുടെ വാതിലുകള്‍ തുറന്നിരിക്കുന്നു. റമസാന്‍ വരുമ്പോള്‍ സ്വര്‍ഗത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുന്നു, നരകത്തിന്റെ വാതിലുകള്‍ അടയ്ക്കപ്പെടുന്നു, പിശാചുക്കള്‍ ചങ്ങലക്കിടപ്പെടുന്നു- തിരുനബി (സ) ഹദീസ് ഉദ്ധരിച്ച് ഇമാം ഖുതുബയില്‍ പറഞ്ഞു
വിശ്വാസികളുടെ വരവ് സുഗമമാക്കുന്നതിനായി ഹറമുകളിലേക്കുള്ള മുഴുവന്‍ റോഡുകളിലും പരിസര പ്രദേശങ്ങളിലും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു, തിരക്ക് നിയന്ത്രിക്കുന്നതിനായി വിവിധ മന്ത്രാലയങ്ങളുമായി ചേര്‍ന്ന് ഇരുഹറം കാര്യാലയം ആവശ്യമായ മുന്‍കരുതല്‍ നേരത്തെത്തന്നെ സ്വീകരിച്ചിരുന്നു.




