മസ്‌തിഷ്‌ക രക്തസ്രാവം; 35 കാരനായ മലയാളി യുവാവ് സഊദിയിലെ ജിസാനിൽ മരണപ്പെട്ടു 

0
85

റിയാദ്: മസ്‌തിഷ്‌ക്ക രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണപ്പെട്ടു. ജിസാനിലെ സാംത ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം വെള്ളറട വട്ടച്ചിറ കാർത്തിക ഭവനിൽ മണിയൻ നാരായണൻറെയും അംബിക ഗോവിന്ദൻറെയും മകൻ നിഖിൽ മണിയൻ ആണ് മരണത്തിനു കിഴടങ്ങിയത്. മുപ്പത്തിയഞ്ച് വയസായിരുന്നു. നാട്ടിൽ നിന്ന് ആറ് മാസം മുൻപാണ് പുതിയ വിസയിൽ ജിസാൻ അബൂഅരീഷിലെ റസ്റ്ററന്റിൽ ഷെഫായി നിഖിൽ ജോലിക്കെത്തിയത്.

രക്തസമ്മർദ്ദം ക്രമതീതമായി ഉയർന്നു താമസസ്ഥലത്ത് കുഴഞ്ഞുവീണ നിഖിലിനെ കഴിഞ്ഞ മാസം 29 ന് അബുഅരീഷ് കിംഗ് ഫഹദ് സ്‌പെഷ്യലിറ്റി ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയയ്‌ക്കു വിധേയനാക്കിയിരുന്നു. തലച്ചോറിനുള്ളിലെ രക്തപ്രവാഹം നിയന്ത്രിക്കുന്നതിനും രക്തക്കട്ട നീക്കം ചെയ്യുന്നതിനുമായി തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയ നടത്തിയ ശേഷം നിഖിലിനെ ഈ മാസം 5 നാണ് സാംത ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.

കഴിഞ്ഞ ദിവസമെടുത്ത സി.റ്റി സ്‌കാൻ റിപ്പോർട്ടിൽ നേരിയ മാറ്റം കണ്ടതിനെ തുടർന്ന് പ്രതീക്ഷയോടെ കൂടുതൽ ചികിത്സകൾക്കായി വീണ്ടും അബൂഅരീഷ് കിംഗ്‌ ഫഹദ് ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾക്കിടെ ആരോഗ്യനില വഷളാവുകയും ഇന്നു രാവിലെ 7 മണിയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു.

സാംത ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന നിഖിലിന് സുഹൃത്തും സഹപാഠിയുമായ നഴ്‌സ്‌ സോണിയയും സാംത ആശുപത്രിയിലെ മലയാളി നേഴ്‌സുമാരും ‘ജല’ പ്രവർത്തകരും ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തിരുന്നു. സാംത ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന നിഖിലിൻറെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികളുമായി ‘ജല’ ഭാരവാഹികളായ സലാം കൂട്ടായി, ഫൈസൽ മേലാറ്റൂർ, ജോജോ തോമസ്, അൽഅമീൻ എന്നിവർ രംഗത്തുണ്ട്.

ഹോട്ടൽ മാനേജ്‌മെൻറ് ബിരുദധാരിയായ നിഖിൽ എട്ട് വർഷത്തോളം കുവൈറ്റിലും ജോലി ചെയ്തിരുന്നു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് നിഖിൽ. ലക്ഷ്‌മിയാണ് ഭാര്യ. മകൾ രണ്ടര വയസുകാരി നിഹാരിക. സഹോദരിയായ നീതു വിവാഹിതയാണ്. നിഖിലിൻറെ വിയോഗത്തിൽ ജിസാനിലെ വിവിധ പ്രവാസി സംഘടനകൾ അനുശോചിച്ചു.