ദുബൈ: നിലമ്പൂർ മണ്ഡലം കെഎംസിസി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിനസ്റ്റേക്കേഷൻ വിന്റർ ക്യാമ്പ് തജ്ദീദ് റാസൽഖൈമയിലെ ലാൻഡ്മാർക്ക് ഫാം ഹൗസിൽ വെച്ച് നടന്നു. വേൾഡ് കെഎംസിസി ജനറൽ സെക്രെട്ടറിയും UAE കെഎംസിസി പ്രസിഡന്റുമായ ഡോ. പുത്തൂർ റഹ്മാൻ തജ്ദീദ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മുജീബ് റഹ്മാൻ അധ്യക്ഷം വഹിച്ച ഉത്ഘാടന സെഷനിൽ മണ്ഡലം മുഖ്യ രക്ഷാധികാരി പി വി ജാബിർ അബ്ദുൽ വഹാബ് ആമുഖപ്രഭാഷണം നടത്തി.
മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡണ്ട് സിദ്ദിഖ് കാലടി, ജന. സെക്രെട്ടറി നൗഫൽ വേങ്ങര എന്നിവരും കുടുംബങ്ങളും മുഖ്യതിഥികളായി പങ്കെടുത്തു. മണ്ഡലം നിരീക്ഷകൻ ശരീഫ് മലബാർ, ജില്ലാ സെക്രട്ടറി അമീൻ വണ്ടൂർ എന്നിവർ ആശംസകൾ നേർന്നു.

കെഎംസിസി യുടെ വിവിധങ്ങളായ പദ്ധതികളിൽ നേതൃത്വം നൽകി വിജയിപ്പിച്ച വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ പാറശ്ശേരി (ഹംസഫർ വെൽഫെയർ പദ്ധതി) അഷ്‌റഫ് പരി (ഫെസ്റ്റോറ), എന്നിവരെ ചടങ്ങിൽ വെച്ച് മൊമെന്റോ നൽകി ആദരിച്ചു. വെൽഫെയർ പദ്ധതിയിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്ത അമരമ്പലം പഞ്ചായത്ത് കെഎംസിസി കമ്മിറ്റിയെയും പ്രത്യേകം ആദരിച്ചു.
വിവിധ സെഷനുകളിലായി നടന്ന ക്ലാസ്സുകളിൽ ജില്ലാ സെക്രെട്ടറി അബ്ദുൽ നാസർ എടപ്പറ്റ (സി എച്ച് സെന്റർ) അബ്ദുറഹിമാൻ പാറശ്ശേരി (വെൽഫെയർ പദ്ധതി) അബ്ദുൽ സലാം പരി (കെഎംസിസി) എന്നിവർ നേതൃത്വം നൽകി. ശനിയാഴ്ച വൈകിട്ട് തുടങ്ങിയ വിവിധ പരിപാടികളിൽ അഹ്‌ലൻ റമദാൻ ഓൺലൈൻ ഖുർആൻ ക്വിസ് മത്സരത്തിൽ റിംഷിദ താജ് ഒന്നാം സ്ഥാനം നേടി.
നിലമ്പൂർ മണ്ഡലത്തിലെ എഴുപഞ്ചായത്തും ഒരു മുനിസിപ്പാലിറ്റിയും അടിസ്ഥാനത്തിലുള്ള എട്ട് ടീമുകൾ പങ്കെടുത്ത ഫുട്ബോൾ മത്സരത്തിൽ ഫൈനലിൽ പോത്തുകല്ല് പഞ്ചായത്തിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് തോല്പിച്ചുകൊണ്ട് അമരമ്പലം പഞ്ചായത്ത് ചാമ്പ്യന്മാരായി. വിജയികൾക്ക് അറേബ്യൻ ഇന്റീരിയർ എം ഡി പി വി വാഹിദ്, ലുക്ക്മാൻ എടക്കര (മലബാർ ബേക്കറി) എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. വിവിധങ്ങളായ ഇൻഡോർ ഔട്ട് ഡോർ ഗെയിമുകൾ, വിനോദ വിജ്ഞാന പരിപാടികൾ, മെഹ്ഫിൽ അബുദാബിയുടെ മുട്ടിപ്പാട്ട് തുടങ്ങിയവ ചടങ്ങിന് മിഴിവേകി.
തജ്‌ദീദ് ചെയർമാൻ ഷാജഹാൻ ചുങ്കത്തറയുടെ നേതൃത്വത്തിൽ വിവിധ സബ്കമ്മിറ്റികളിലായി ഷബീർ അലി, താജുദ്ധീൻ, അബ്ദുൽ സമീർ, റഫീഖ് മൂത്തേടം, സുഹൈൽ,അനസ്, ആരിഫ്, ശരീഫ് തങ്ങൾ, അൻഷാജ്, റംഷിദ്, അഷ്‌റഫ് പരി, റംഷിദ താജ്, സബ്‌ന സമീർ, ഷംന ഷെറിൻ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി കെ ടി ജുനൈസ് സ്വാഗതവും, ചെയർമാൻ ഷാജഹാൻ നന്ദിയും പറഞ്ഞു. സൈന താജുദ്ധീൻ ഖിറാഅത്ത് നടത്തി.





