തിരുവനന്തപുരം / കൊല്ലം: നിലമേലിൽ ഇന്നലെ കുടുംബാംഗങ്ങളായ രണ്ടു പേർ മരിച്ചത് ഭക്ഷ്യവിഷബാധ കാരണമെന്ന് സംശയം. റഷീദാ ബീവി, മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്. ഇന്നലെ തിരുവനന്തപുരം വിഴിഞ്ഞത്തെ ഒരു ഹോട്ടലിൽ നിന്നും ഇവർ അടക്കമുള്ള കുടുംബം ഭക്ഷണം കഴിച്ചിരുന്നു. ഭക്ഷണം കഴിച്ച ആറു പേരിൽ നാലു പേർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. മരിച്ച ഇരുവരുടെയും മൃതദേഹങ്ങൾ തിരുവനന്തപുരം, പാരിപ്പള്ളി മെഡിക്കൽ കോളജുകളിലായി സൂക്ഷിച്ചിരിക്കുകയാണ്.
ശാസ്ത്രീയ പരിശോധന നടത്തിയ ശേഷമേ ഭക്ഷ്യവിഷബാധയാണോ മരണകാരമെന്ന് സ്ഥിരീകരിക്കാൻ കഴിയൂവെന്ന് പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും അറിയിച്ചു. സംശയത്തിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞത്തെ ഹോട്ടൽ പൊലീസ് പൂട്ടി. ഇന്നലെ രാത്രി 9 മണിയോടെയാണ് കുടുംബാംഗങ്ങൾ ഇവിടെയെത്തി ഭക്ഷണം കഴിച്ചത്. ഫുഡ് ആന്റ് സേഫ്റ്റി അധികൃതർ വൈകാതെ ഹോട്ടലിൽ പരിശോധന നടത്തും. ഉച്ചയ്ക്കു ശേഷം പ്രവർത്തിക്കുന്ന മത്സ്യവിഭവങ്ങൾ വിൽക്കുന്ന ഹോട്ടലാണ് ഇത്.
ഷാജിയുടെ ഭാര്യയും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. രണ്ട് മക്കളും കൂടെയുണ്ടായിരുന്നുവെങ്കിലും ഇവർക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ഹോട്ടലിൽനിന്ന് ഇറങ്ങിയ ഉടൻ തന്നെ ഛർദിയും മറ്റും ഉണ്ടായിരുന്നുവെന്ന് ഷാജിയുടെ ബന്ധുക്കൾ പറയുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
