എന്നും ‘അവൾക്കൊപ്പം’… നടി ആക്രമിക്കപ്പെട്ടിട്ട് ഇന്ന് ഒൻപത് വർഷം; ഐക്യദാർഢ്യവുമായി ഡബ്ല്യൂസിസി

0
5

കൊച്ചി: കേരള മനസാക്ഷിയെ ഞെട്ടിച്ച നടി ആക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് ഇന്ന് ഒൻപതാണ്ട്. അതിജീവിതയ്ക്കുള്ള പിന്തുണയ്‌ക്കും ഐക്യദാർഢ്യത്തിനും നന്ദി അറിയിച്ച്‌ സിനിമയിലെ വനിതാകൂട്ടായ്‌മയായ ഡബ്ല്യൂസിസി നേതൃത്വത്തിൽ ഇന്ന് അവൾക്കൊപ്പം രണ്ടാംഘട്ട ക്യാംപയിൻ സംഘടിപ്പിക്കും.

കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തുമാണ് ഐക്യദാർഢ്യ കൂട്ടായ്മ സംഘടിപ്പിക്കുക. മൂന്നിടങ്ങളിലായി വൈകിട്ട്‌ ആറിന്‌ മെഴുകുതിരി തെളിക്കും. ‌കൊച്ചിയിൽ മറൈൻഡ്രൈവിലെ അബ്ദുൾ കലാംമാർഗിലും കോഴിക്കോട്‌ മാനാഞ്ചിറ ഓപ്പൺ സ്‌റ്റേജിലും തിരുവനന്തപുരം മാനവീയം വീഥിയിലുമാണ്‌ പരിപാടി.

‘‘2017 ഫെബ്രുവരി 17 ഏറ്റവും ഇരുണ്ട ദിവസമായിരുന്നെങ്കിലും അതേദിവസംതന്നെയായിരുന്നു അവൾ ധൈര്യത്തോടെ തെറ്റ്‌ ചെയ്‌തവർക്കെതിരെ സംസാരിച്ചത്‌. അവളുടെ പോരാട്ടത്തിനൊപ്പം നമ്മൾ ഒരുമിച്ചുനിൽക്കുമെന്ന തീരുമാനത്തോടെയായിരുന്നു ‘അവൾക്കൊപ്പം’ പ്രസ്ഥാനം പിറന്നത്‌. കഴിഞ്ഞ ഒൻപതുവർഷമായി കേരളത്തിന്റെ സാമൂഹിക പരിവർത്തനത്തിൽ ഒരു ചെറിയ പങ്കുവഹിച്ച ഇ‍ൗ പ്രസ്ഥാനം ഇരയാക്കപ്പെട്ടവരെ അതിജീവിച്ചവരായി മാറ്റുകയാണെ’’ന്നാണ് ഡബ്ല്യൂസിസി നവമാധ്യത്തിൽ കുറിച്ചത്.

തൃശൂരിൽനിന്ന്‌ കൊച്ചിയിലേക്കുള്ള യാത്രയ്‌ക്കിടെ ഓടുന്ന വാഹനത്തിലാണ്‌ നടി ആക്രമിക്കപ്പെട്ടത്‌. തട്ടിക്കൊണ്ടുപോയി ആക്രമിച്ച്‌ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ 2025 ഡിസംബർ 12ന്‌ വിധി വന്നു. പൾസർ സുനിയടക്കം ആറുപേരെ കോടതി ശിക്ഷിച്ചു. 20 വർഷം കഠിനതടവും 50,000 രൂപ പിഴയുമാണ്‌ ശിക്ഷ. എട്ടാം പ്രതി നടൻ ദിലീപ്‌ ഉൾപ്പെടെ നാലുപേരെ വെറുതെവിട്ടു. ഇതിന് പിന്നാലെ നടിയ്ക്ക് പിന്തുണ അറിയിച്ചും കോടതി വിധിയെ വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. വിധിക്കെതിരെ അപ്പീൽ നൽകാൻ തയ്യാറെടുപ്പിലാണ്‌ പ്രോസിക്യൂഷൻ.