എറണാകുളം: ഇടുക്കി ചെറുതോണിയിൽ നിന്നും എറണാകുളത്തേക്ക് വന്ന കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. സംഭവത്തിൽ ആലപ്പുഴ മാന്നാനം സ്വദേശി സാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അതിക്രമം നേരിട്ട യുവതി കണ്ടക്ടറെ വിവരമറിയിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ബസ് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും സാബുവിനെതിരെ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
പ്രതിയായ ആലപ്പുഴ മാന്നാനം സ്വദേശി സാബു പെരുമ്പാവൂരിൽ നിന്നാണ് ഈ ബസിൽ കയറിയത്. തുടർന്നുള്ള യാത്രയിൽ ഇയാൾ സഹയാത്രികയായ സ്ത്രീയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. പലതവണ യുവതിയുടെ ദേഹത്ത് ഇയാൾ സ്പർശിക്കുകയും, നഗ്നത പ്രദർശനത്തിന് മുതിരുകയും ചെയ്തു.
യുവതി പലതവണ ഇയാളോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടു. എന്നാൽ സാബു ശല്യം തുടരുകയായിരുന്നു. ഇടപ്പള്ളിക്കും പാലാരിവട്ടത്തിനും ഇടയിൽ ബസ് എത്തിയപ്പോൾ ഇയാൾ മുണ്ടുമാറ്റി നഗ്നത പ്രദർശനം നടത്തി. ഇതോടെ യുവതി കണ്ടക്ടറോട് പരാതിപ്പെട്ടു. ബസ് പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കാൻ ആവശ്യപ്പെട്ടു . കണ്ടക്ടറും ഡ്രൈവറും ചേർന്ന് ബസ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. യുവതിയുടെ മൊഴിയെടുത്തതിനുശേഷം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സാബുവിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
