‘മിഥുന്‍ ഇടിവള കൊണ്ട് ഇടിച്ചു; കേസെടുത്തതില്‍ വീഴ്ചയില്ല’

0
41

തിരുവനന്തപുരത്തെ ഷോപ്പിങ് മാളിലെ എസ്എഫ്​ഐ –പൊലീസ് സംഘര്‍ഷത്തിനിടെ പൊലീസുകാരന്‍ മിഥുന്‍ ഇടിവള കൊണ്ട് ആക്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. പൊലീസുകാരനെതിരെ കേസെടുത്തതില്‍ വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്.

പരാതിക്കാരുടെ മൊഴി പ്രകാരമാണ് കേസെടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഇന്ന് കമ്മീഷണര്‍ക്ക് കൈമാറും. അതേസമയം മിഥുനെതിരെ ജാമ്യമില്ലാക്കുറ്റം പിന്‍വലിക്കുന്നത് സംബന്ധിച്ച് കമ്മിഷണറാകും തീരുമാനമെടുക്കുക. 

എആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫിസറായ മിഥുന്‍ ശനിയാഴ്ച ഉച്ചയ്ക്ക് മാള്‍ ഓഫ് ട്രാവന്‍കൂറില്‍ എത്തിയപ്പോഴായിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. പുതുവര്‍ഷാഘോഷത്തിനായി ശംഖുമുഖത്തെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ മിഥുന്‍ ആക്രമിച്ചതിന് പ്രതികാരമായിട്ടായിരുന്നു അക്രമം. ഇടി കിട്ടിയതിന് പിന്നാലെ കയ്യിലെ ഇടിവള കൊണ്ട് മിഥുനും തിരിച്ച് ആക്രമിച്ചു. തുടര്‍ന്ന് മാളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ പുറത്താക്കുകയായിരുന്നു. മിഥുനെ ആക്രമിച്ചതില്‍ വിനയ്, സുര്‍ജിത് എന്നീ എസ്എഫ്ഐ പ്രവര്‍ത്തകരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. 

അതിനിടെ സിപിഒ മിഥുന്‍ റോയ് സ്ഥിരം പ്രശ്നക്കാരന്‍ ആണെന്നുള്ള സൂചനകളും പുറത്തുവന്നു. ഇടിവളയ്ക്കിടിക്കുകയും മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കുകയും ചെയ്യുന്ന ആളാണ് മിഥുന്‍ റോയെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. നെട്ടയം സ്വദേശിയായ ഒരാളുടെ കാലില്‍ കാര്‍ കയറ്റുകയും ഇത് ചോദ്യം ചെയ്തതിന് മര്‍ദിക്കുകയും ചെയ്തതായി 2024 ല്‍ മിഥുനെതിരെ വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്തിരുന്നു.