നിലമ്പൂർ/കോഴിക്കോട്: മാനസികവെല്ലുവിളി നേരിടുന്ന, കോഴിക്കോട് സ്വദേശിയായ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ മുൻ എസ്.ഐ.യും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ മമ്പാട് കാരച്ചാൽ സ്വദേശി പ്ലാമൂട്ടിൽ ഫിലിപ്പ് എന്ന ഫിലിപ്പ് മമ്പാട് (49) അറസ്റ്റിലായി. പെൺകുട്ടി കോഴിക്കോട് ചേവായൂർ പോലീസിൽ നൽകിയ പരാതിയിൽ നിലമ്പൂർ ഇൻസ്‌പെക്ടർ ബി.എസ്. ബിനുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്.
സ്‌കൂളിൽ നടന്ന കൗൺസലിങ്ങിലാണ് കുട്ടി പീഡനവിവരം പറഞ്ഞത്. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖേന ചേവായൂർ പോലീസിൽ പരാതിനൽകി. പെരിന്തൽമണ്ണ എസ്.ഐ. ആയിരുന്ന ഫിലിപ്പ് ഒരുവർഷം മുൻപാണ് ലഹരിവിരുദ്ധ ക്ലാസുകൾ നടത്താനായി സ്വയംവിരമിച്ചത്. കൗൺസിലിങ് നടത്തുന്നതിനായി മമ്പാട്ടുള്ള ഫിലിപ്പിന്റെ വീട്ടിൽ രക്ഷിതാക്കൾ കൊണ്ടാക്കിയതിനെത്തുടർന്ന് അതിജീവിത അവിടെ താമസിച്ചുവരികയായിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ മൂന്നിന് രക്ഷിതാക്കളുടെ അറിവില്ലാതെ പെൺകുട്ടിയെ കാസർകോട് കൊണ്ടുപോയെന്നും കാഞ്ഞങ്ങാട്ടുള്ള സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത് പലതവണകളായി ലൈംഗികാതിക്രമം നടത്തിയെന്നുമാണ് കേസ്.
അതിജീവിതയുടെ മൊഴി ചേവായൂർ പോലീസ് രേഖപ്പെടുത്തി. കാരച്ചാലിലെ വീട്ടിൽനിന്ന് ഇരുവരും ഒന്നിച്ചുപോയതായി ഫിലിപ്പ് പോലീസിനോട് സമ്മതിച്ചു.എന്നാൽ നിരപരാധിയാണെന്നും കേസ് വന്നാൽ ആത്മഹത്യചെയ്യുമെന്നും ഫിലിപ്പ് പറഞ്ഞതായി പോലീസ് അറിയിച്ചു. ഫിലിപ്പിനെ കോടതി റിമാൻഡ് ചെയ്തു.





