ന്യൂഡൽഹി: ഇന്ത്യയിൽ സാമ്പത്തിക സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആദായനികുതി വകുപ്പ് പാൻ (PAN) കാർഡ് നിബന്ധനകളിൽ നിർണായക മാറ്റങ്ങൾ വരുത്തി ഉത്തരവ് ഇറക്കി.
വ്യവസ്ഥകൾ ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരുമെന്നാണ് ആദായനികുതിവകുപ്പിൻ്റെ പുതിയ ചട്ടത്തിൽ പറയുന്നത്. 5 ലക്ഷം രൂപയ്ക്കു മുകളിൽ വിലയുള്ള വാഹനം വാങ്ങിയാൽ മാത്രം ഇനി പാൻ നമ്പർ നൽകിയാൽ മതിയാകും എന്നാണ് പുതിയ ചട്ടത്തിൽ വ്യക്തമാക്കിയത്.
നിലവിൽ ഇരുചക്രവാഹനങ്ങൾ ഒഴികെ ഏതു വിലയുള്ള വാഹനം വാങ്ങിയാലും നികുതി ആവശ്യങ്ങൾക്കും നിരീക്ഷണത്തിനുമായി പാൻ നമ്പർ നൽകണമായിരുന്നു. എന്നാൽ ഇനി മുതൽ ഇരുചക്രവാഹനങ്ങൾ വാങ്ങുമ്പോഴും പാൻ നമ്പർ നൽകണം. 5 ലക്ഷം രൂപയെന്ന പരിധി ഇതിനും ബാധകമാണ്.
വാഹനത്തിനു പുറമേ പല ഇടപാടുകൾക്കും പാൻ നൽകേണ്ടതിന്റെ പരിധി ഉയർത്തും. ചെറു ഇടപാടുകൾക്കു പകരം വലിയ ഇടപാടുകളിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ആദായനികുതിവകുപ്പിൻ്റെ പുതിയ ചട്ടം ലക്ഷ്യമിടുന്നത്. മാർച്ച് ആദ്യവാരം അന്തിമവിജ്ഞാപനം ഇറക്കിയേക്കും. ആദായനികുതി നടപടിക്രമങ്ങൾ എളുപ്പമാകുന്നത് ലക്ഷ്യമിട്ടാണ് കരടു ഫോമുകളും ചട്ടങ്ങളും തയാറാക്കിയിരിക്കുന്നത്.
വസ്തു ഇടപാടിൽ 10 ലക്ഷം രൂപയായിരുന്ന പരിധി 20 ലക്ഷമാക്കി ഉയർത്തും. ഇനിമുതൽ 20 ലക്ഷത്തിന് മുകളിൽ വരുന്ന വസ്തു ഇടപാടുകൾക്ക് മാത്രമേ പാൻ നൽകേണ്ടതുള്ളു.
ഹോട്ടൽ/റെസ്റ്ററന്റ് ബിൽ: കൺവൻഷൻ സെന്റർ/ബാങ്ക്വറ്റ് ഹാൾ ചെലവ്, ഇവന്റ് മാനേജ്മെന്റ്, 50,000 രൂപയായിരുന്നു, ഇത് ഒരു ലക്ഷമായി ഉയർത്തും.
നിലവിൽ പ്രതിദിനം 50,000 രൂപ നിക്ഷേപിച്ചാൽ പാൻ വേണം. എന്നാൽ ഇനി മുതൽ ഒരു സാമ്പത്തികവർഷത്തെ മൊത്തം നിക്ഷേപം 10 ലക്ഷം രൂപയ്ക്കു മുകളിലായാൽ മാത്രം പാൻ നൽകിയാൽ മതി. ബാങ്ക് പിൻവലിക്കുന്നതിനും സമാന രീതിയാണ്.
ഇൻഷുറൻസ്: അക്കൗണ്ട് തുടങ്ങുന്നതിന് ഇനി പാൻ നിർബന്ധം. നിലവിൽ ഒരു സാമ്പത്തികവർഷമാകെ 50,000 രൂപ പ്രീമിയമുണ്ടങ്കിൽ മാത്രം നൽകിയാൽ മതിയായിരുന്നു.
കൂടാതെ എച്ച്ആർഎ ഇളവിൽ നാല് നഗരങ്ങളെ കൂടി ഉൾപ്പെടുത്തും. വീട്ടുവാടക അലവൻസുമായി (എച്ച്ആർഎ) ബന്ധപ്പെട്ട ഉയർന്ന നികുതിയിളവ് (50%) ബാധകമായ നഗരങ്ങളുടെ പട്ടികയിൽ ഇനി മുതൽ ബെംഗളൂരു, പുണെ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നീ നഗരങ്ങളും പരിഗണിക്കും. നിലവിൽ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ നഗരങ്ങളിലുള്ളവർക്ക് മാത്രമായിരുന്നു 50 ശതമാനം ഇളവുണ്ടായിരുന്നത്. മറ്റ് എല്ലാ നഗരങ്ങൾക്കും 40ശതമാനം വരെയാണ് ഇളവ്.





