കാസർകോട്: പെരുന്നാളുകൾക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്ന ആവശ്യവുമായി സമസ്ത. മുസ്ലിം സമുദായത്തിന്റെ പ്രധാന ആഘോഷങ്ങളായ ചെറിയ പെരുന്നാൾ, വലിയ പെരുന്നാൾ എന്നിവയ്ക്ക് നിലവിൽ നൽകി വരുന്ന ഔദ്യോഗിക അവധി അപര്യാപ്തമാണെന്നാണ് സമസ്തയുടെ നിലപാട്.
രണ്ട് പെരുന്നാളുകൾക്കും ചുരുങ്ങിയത് മൂന്ന് ദിവസത്തെ അവധി വീതം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണം എന്നാണ് സമസ്തയുടെ ആവശ്യം. ഇത് ചൂണ്ടിക്കാട്ടി സമസ്ത പ്രമേയം പാസാക്കി.
ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കുടുംബബന്ധങ്ങൾ പുതുക്കുന്നതിനും മതപരമായ കർമങ്ങളിൽ ഏർപ്പെടുന്നതിനും നിലവിലുള്ള അവധി ദിനങ്ങൾ ഒട്ടും സഹായകരമല്ലെന്ന് സമസ്ത സമ്മേളനം വിലയിരുത്തി. ഗൾഫ് രാജ്യങ്ങളിൽ നിലവിലുള്ളതിന് സമാനമായി മൂന്ന് ദിവസത്തെ ദീർഘമായ അവധി സംസ്ഥാനത്തും അനുവദിക്കണമെന്നാണ് പ്രമേയത്തിലെ പ്രധാന ആവശ്യം.
വാർഷിക സമ്മേളനത്തിലെ പ്രമേയത്തിലൂടെയാണ് സമസ്ത ആവശ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്. മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചതിന് പിന്നാലെയാണ്, ആഘോഷങ്ങൾക്ക് കൂടുതൽ അവധി വേണമെന്ന പുതിയ ആവശ്യം സമസ്ത ഉയർത്തിയിരിക്കുന്നത്.





