സർക്കാർ ജീവനക്കാർക്ക് ഇനി ഇഷ്ടമുള്ള സമയത്ത് ജോലി തുടങ്ങാം: ജോലി സമയം നാലര മണിക്കൂറായും കുറച്ചു; റമദാനിൽ പ്രത്യേക നീക്കവുമായി ഗൾഫ് രാജ്യം 

0
22
  • രാവിലെ 8.30നും 10.30നും ഇടയിലുള്ള ഏതു സമയത്തും ജോലിയിൽ പ്രവേശിക്കാം

കുവൈത്ത് സിറ്റി: റമസാനിൽ കുവൈത്തിലെ സർക്കാർ ജീവനക്കാരുടെ ജോലി സമയം നാലര മണിക്കൂറായി കുറയ്ക്കുകയും ഇഷ്ടമുള്ള സമയത്ത് (ഫ്ലെക്സിബിൾ) ജോലി തുടങ്ങാൻ അനുമതി നൽകുകയും ചെയ്തു.

രാവിലെ 8.30നും 10.30നും ഇടയിലുള്ള ഏതു സമയത്തും ജോലിയിൽ പ്രവേശിക്കാം. ജോലി തുടങ്ങുന്ന സമയം മുതൽ നാലര മണിക്കൂർ തികച്ചാൽ മതിയാകും. ബയോമെട്രിക് (ഫിംഗർപ്രിന്റ്) സംവിധാനം വഴിയായിരിക്കും ഹാജർ രേഖപ്പെടുത്തുക. ഈവനിങ് ഷിഫ്റ്റിലുള്ളവർക്കു വൈകിട്ട് 6.45നു ശേഷമേ ഡ്യൂട്ടി തുടങ്ങാൻ അനുവാദമുള്ളൂ. റമസാനിൽ വനിതാ ജീവനക്കാർക്കു ജോലി തീരുന്നതിനു 15 മിനിറ്റു നേരത്തെ ഇറങ്ങാനും അനുമതിയുണ്ട്.

അതേസമയം, കുവൈത്ത് തൊഴിൽ നിയമം അനുസരിച്ചു സ്വകാര്യ മേഖലാ ജീവനക്കാരുടെ റമസാനിലെ ജോലി സമയം 6 മണിക്കൂറായിരിക്കും. അധിക ജോലിക്ക് (ഓവർടൈം) അധിക വേതനം നൽകണം.

മുസ്‌ലിംകൾക്കും അല്ലാത്തവർക്കും സമയപരിധി ഒരേപോലെ ബാധകമാണ്. സാധാരണയായി മിക്ക സ്വകാര്യ കമ്പനികളും രാവിലെ 9നു ജോലി ആരംഭിച്ചു 3ന് അവസാനിക്കുന്ന രീതിയിലാണു സമയം ക്രമീകരിക്കാറുള്ളത്.