നാട്ടിലേക്കുള്ള യാത്രയ്ക്കിടെ പ്രവാസി വിമാനത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

0
30
  • ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം കൊച്ചിയിലേക്ക് വരികയായിരുന്നു ഇദ്ദേഹം

കണ്ണൂര്‍: ബഹ്‌റൈനില്‍ നിന്ന് നാട്ടിലേക്കുള്ള വിമാന യാത്രയ്ക്കിടെ തൃശൂര്‍ സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു. കുന്നംകുളം വേലൂര്‍ വെങ്ങിലശേരി ചാങ്കരവീട്ടില്‍ സുധാകരന്റെ മകന്‍ അഖില്‍ (35) ആണ് മരിച്ചത്. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം കൊച്ചിയിലേക്ക് വരികയായിരുന്നു ഇദ്ദേഹം.

വെള്ളിയാഴ്ച രാവിലെ 8.15ന് ബഹ്‌റൈനില്‍നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലായിരുന്നു അഖിലും കുടുംബവും. യാത്ര തുടങ്ങി രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അഖിലിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയും വിമാനത്തിനുള്ളില്‍ കുഴഞ്ഞുവീഴുകയുമായിരുന്നു.

തുടര്‍ന്ന് വിമാനം കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. വിമാനത്താവളത്തിലെ ഡോക്ടര്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷം ഉടന്‍ തന്നെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അച്ഛന്‍: സുധാകരന്‍. അമ്മ: ജയശ്രീ. ഭാര്യ: ദീപ. മകള്‍: അഹാന. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പില്‍ നടന്നു.