റീല്‍സ് ചിത്രീകരിക്കാനായി കഴുത്തില്‍ കുരുക്കിട്ടു; സ്റ്റൂള്‍ തെന്നിമാറി! യുവതിക്ക് ദാരുണാന്ത്യം

0
9

സോഷ്യൽമീഡിയയിൽ റീൽസ് ചിത്രീകരിക്കുന്നതിനിടയിലുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ 27 കാരിയായ മോഹിനിയാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിമരിക്കുന്ന രീതിയിലുള്ള രംഗം മൊബൈൽ ഫോണിൽ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ കുരുക്ക് മുറുകുകയായിരുന്നു.

തൂങ്ങിമരണത്തിന്റെ ദൃശ്യം ചിത്രീകരിക്കാനായി മോഹിനി കഴുത്തിൽ കയർ കെട്ടിയ ശേഷം ഒരു സ്റ്റൂളിന് മുകളിൽ കയറി നിൽക്കുകയായിരുന്നു. വിഡിയോ റെക്കോർഡിംഗ് ഓൺ ചെയ്ത ശേഷം അഭിനയിക്കുന്നതിനിടെ അപ്രതീക്ഷിതമായി സ്റ്റൂൾ മറിഞ്ഞു വീഴുകയായിരുന്നു. സ്റ്റൂൾ നീങ്ങിയതോടെ ശരീരത്തിന്റെ ബാലൻസ് തെറ്റുകയും കഴുത്തിലെ കുരുക്ക് മുറുകുകയുമായിരുന്നു. നിമിഷങ്ങൾക്കകം മരണം സംഭവിച്ചതായാണ് പ്രാഥമിക വിവരം.

വീട്ടിലുണ്ടായിരുന്ന നാല് വയസുകാരിയായ മകൾ മുറിയിലേക്ക് വന്നപ്പോഴാണ് അമ്മ തൂങ്ങിക്കിടക്കുന്നത് കണ്ടത്. പേടിച്ചുപോയ കുട്ടി ഉറക്കെ നിലവിളിച്ചതോടെയാണ് അയൽക്കാർ വിവരമറിഞ്ഞത്. ഉടൻ തന്നെ ആളുകൾ ഓടിയെത്തിയെങ്കിലും മോഹിനിയുടെ ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. മരണം ഒരു അപകടമാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മറ്റ് സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.