കളി കാര്യമായി, ഇക്കിളിയിട്ടത് ചോദ്യം ചെയ്തു; സഹപാഠിയുടെ മൂക്കിടിച്ച് പൊട്ടിച്ച് വിദ്യാർഥികൾ

0
8

പത്തനംതിട്ട: ഇക്കിളിയിട്ട് കളിച്ചത് കാര്യമായതോടെ കൂട്ടുകാരന്റെ മൂക്ക് ഇടിച്ച് പൊട്ടിച്ച് സഹപാഠികൾ. പത്തനംതിട്ട കലഞ്ഞൂർ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

ഇന്റർവെൽ കഴിഞ്ഞ് കുട്ടികൾ ക്ലാസ്സിലെത്തിയപ്പോഴാണ് ഒരു വിദ്യാർഥി സഹപാഠിയുടെ ശരീരത്ത് ഇക്കിളിയിട്ടത്. ഇതോടെ കളി കാര്യമായി. ആദ്യം ഇരുവരും തമ്മിൽ ഉന്തും തള്ളും നടന്നു. ഇതോടെ മറ്റുള്ളവർ കൂടി ചേർന്ന് സഹപാഠിയെ ക്രൂരമായി മർദിക്കുകയായിരുന്നു. മർദനത്തിൽ കുട്ടിയുടെ മൂക്കിന്റെ പാലം ഒടിഞ്ഞിട്ടുണ്ട്. 

പരുക്കേറ്റ കുട്ടിയെ ആദ്യം കലഞ്ഞൂരുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് അടൂരുള്ള സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. മൂക്കിന്റെ ഭാഗത്ത് നീരുള്ളതിനാൽ 3 ദിവസം കഴിഞ്ഞ് മാത്രമേ ശസ്ത്രക്രിയ നടത്താൻ സാധിക്കുകയുള്ളൂവെന്നാണ് ആശുപത്രി അധിക്യതർ പറയുന്നത്. മൂക്കിലൂടെ രക്തം നിലയ്ക്കാതെ ഒഴുകുന്നുണ്ട്. സംഭവത്തിൽ രക്ഷിതാക്കൾ കൂടൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.