ഉയരത്തിലേക്ക് പറന്നു, പിന്നാലെ നിലവിട്ട് താഴേക്ക്; വിനോദസഞ്ചാരികൾ കയറിയ യന്ത്ര ഊഞ്ഞാൽ തകർന്നു വീണ് ഒരു മരണം

0
9

ചണ്ഡിഗഡ്: ഹരിയാനയിലെ സൂരജ്കുണ്ഡിൽ നടന്ന മേളയ്ക്കിടെ യന്ത്ര ഊഞ്ഞാൽ തകർന്നു വീണ് ഒരു മരണം. വിനോദസഞ്ചാരികൾ കയറിയ ‘സൂനാമി’ യന്ത്ര ഊഞ്ഞാലാണു പ്രവർത്തിക്കുന്നതിനിടെ തകർന്നു വീണത്. അപകടത്തിൽ ഒരാൾ മരിച്ചു. ഹരിയാന പൊലീസിലെ സബ് ഇൻസ്പെക്ടർ ജഗദീഷ് പ്രസാദാണു മരിച്ചത്. അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു. വൈകീട്ട് 6:15 ഓടെയാണ് അപകടം നടന്നത്. 

അപകടസമയത്ത് യന്ത്ര ഊഞ്ഞാലിൽ 15 പേർ ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. യന്ത്രത്തകരാർ ഊഞ്ഞാൽ തകർന്നു വീഴുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. അപകടസമയത്ത് സ‍ഞ്ചാരികളുമായി ഉയരത്തിൽ പറക്കുകയായിരുന്നു ഊഞ്ഞാൽ. അപകടത്തിന് പിന്നാലെ മേള നടന്നിരുന്ന ഗ്രൗണ്ട് അധികൃതർ ഒഴിപ്പിച്ചു. ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് പൊലീസ് മേധാവി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തിൽ മുഖ്യമന്ത്രി നയാബ് സെയ്നി അനുശോചനം രേഖപ്പെടുത്തി.