എയർ ഇന്ത്യയുടെ 70 ശതമാനം വിമാനങ്ങളിലും സാങ്കേതിക തകരാറുകളെന്ന് കേന്ദ്രം

0
9

എയർ ഇന്ത്യ കമ്പനിയുടെ 70 ശതമാനത്തോളം വിമാനങ്ങളിലും സാങ്കേതിക തകരാറുകളുള്ളതായി കേന്ദ്ര സർക്കാർ. പാർലമെൻ്റിൽ സമർപ്പിച്ച ഔദ്യോഗിക കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ജനുവരി മുതൽ നടത്തിയ പരിശോധനയിൽ എയർ ഇന്ത്യ ഗ്രൂപ്പിൻ്റെ 267 വിമാനങ്ങളിൽ 191 എണ്ണത്തിലും ആവർത്തിച്ചുള്ള തകരാറുകൾ കണ്ടെത്തിയതായാണ് സിവിൽ ഏവിയേഷൻ സഹമന്ത്രി ലോക്‌സഭയിൽ അവതരിപ്പിച്ച കണക്കിൽ പറയുന്നത്.

166 എയർ ഇന്ത്യ വിമാനങ്ങളിൽ 137 എണ്ണത്തിനും 101 എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ 54 എണ്ണത്തിനും പരിശോധനയിൽ ആവർത്തിച്ചുള്ള പ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തിയതായും ഡാറ്റ വ്യക്തമാക്കുന്നു. എയർ ഇന്ത്യ ഗ്രൂപ്പ് ഫ്ലീറ്റിൽ പരിശോധിച്ച ഓരോ പത്ത് വിമാനങ്ങളിൽ ഏഴിലും ആവർത്തിച്ചുള്ള സാങ്കേതിക തകരാറുകൾ കാണിക്കുന്നുണ്ട്.

വിമാനങ്ങളിൽ പരിശോധിക്കപ്പെടുന്ന വ്യത്യസ്ത തരം ഉപകരണങ്ങളുണ്ടെന്നും മുൻഗണനയും അനുസരിച്ച് ഇവയെ എ, ബി, സി, ഡി വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ടെന്നും ഒരു ഉന്നത എയർ ഇന്ത്യ എക്സിക്യൂട്ടീവ് പറഞ്ഞു. എയർ ഇന്ത്യയുടെ കാര്യത്തിൽ, മിക്ക പ്രശ്നങ്ങളും ഡി വിഭാഗത്തിലാണെന്നും എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി.

സീറ്റുകൾ, ട്രേ ടേബിളുകൾ, സീറ്റുകളുടെ പിൻഭാഗത്തുള്ള സ്‌ക്രീനുകൾ എന്നിവയ്ക്കാണ് തകരാറുകളെന്നും ഇവ വിമാനത്തിൻ്റെ സുരക്ഷയുമായി ബന്ധപ്പെട്ടതല്ലെന്നും എക്സിക്യൂട്ടീവ് വ്യക്തമാക്കി. അടുത്ത രണ്ട് വർഷത്തിനുള്ളിൽ വിമാനങ്ങൾക്കായുള്ള നവീകരണ പരിപാടി തുടങ്ങുമ്പോൾ ഈ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും എക്സിക്യൂട്ടീവ് കൂട്ടിച്ചേർത്തു.

ആറ് എയർലൈനുകളുടേതായി ആകെ 754 വിമാനങ്ങളിൽ നടത്തിയ പരിശോധനയിൽ 377 വിമാനങ്ങളിലാണ് സാങ്കേതിക പ്രശ്‌നങ്ങൾ കണ്ടെത്തിയിട്ടുള്ളത്.ഇൻഡിഗോയിൽ ഈ കാലയളവിൽ 405 വിമാനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ 148 വിമാനങ്ങൾക്ക് ഈ വർഷം ഫെബ്രുവരി 3 വരെയുള്ള കണക്കുകൾ പ്രകാരം തകരാറുകൾ കണ്ടെത്തിയതായും ഡാറ്റ വ്യക്തമാക്കുന്നു. സ്പൈസ് ജെറ്റിൻ്റെ 43 വിമാനങ്ങളിൽ 16 എണ്ണത്തിലും ആകാശ എയറിൻ്റെ 32 വിമാനങ്ങളിൽ 14 എണ്ണത്തിലും തകരാറുകൾ കണ്ടെത്തിയിട്ടുണ്ട്.

….