കാർ പാർക്ക് ചെയ്യുന്നതിനിടെ വെടിവയ്പ്പ്; ആം ആദ്മി പാർട്ടി നേതാവ് ലക്കി ഒബ്റോയിക്ക് ദാരുണാന്ത്യം

0
9

ചണ്ഡിഗഡ്: പഞ്ചാബിലെ ജലന്ധറിൽ പട്ടാപ്പകൽ ആം ആദ്മി പാർട്ടി (എഎപി) നേതാവ് ലക്കി ഒബ്‌റോയിയെ അജ്ഞാതരായ അക്രമികൾ വെടിവച്ചു കൊന്നു. ജലന്ധറിലെ മോഡൽ ടൗണിലുള്ള ഒരു ഗുരുദ്വാരയ്ക്ക് പുറത്ത് വച്ചാണ് ഇരുചക്രവാഹനത്തിലെത്തിയ അക്രമികൾ ലക്കിക്കു നേരെ വെടിയുതിർത്തത്.

രാവിലെ ഗുരുദ്വാരയ്ക്ക് പുറത്ത് തന്റെ കാർ പാർക്ക് ചെയ്യുന്നതിനിടെയാണ് ലക്കി ഒബ്‌റോയിക്ക് നേരെ ആക്രമണമുണ്ടായത്. അദ്ദേഹത്തിന്റെ ദേഹത്ത് അഞ്ച് വെടിയുണ്ടകൾ ഏറ്റു.

വെടിയേറ്റതിനു പിന്നാലെ ലക്കി ഒബ്റോയിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതകികളെ കണ്ടെത്താനുള്ള ഊർജിതമായ തിരച്ചിൽ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിനു പിന്നാലെ പഞ്ചാബിലെ ക്രമസമാധാന നില തകർന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. ഭരണകക്ഷി നേതാക്കൾക്ക് പോലും സുരക്ഷയില്ലാത്ത അവസ്ഥയിൽ സാധാരണക്കാരുടെ സ്ഥിതി എന്താണെന്ന് പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്‌വ ചോദിച്ചു. പഞ്ചാബിൽ ക്രമസമാധാനം തകരാറിലാണെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാലയും ആരോപിച്ചു