പട്ന:ബിഹാറിന്റെ തലസ്ഥാന നഗരമായ പട്‌ന കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഓൺലൈൻ തട്ടിപ്പ് ശാലകളിൽ പൊലീസ് റെയിഡ്. 12യുവതികളെയും ഏഴ് പുരുഷൻമാരെയും അറസ്റ്റു ചെയ്തു. സഗുണ മോർ,രൂപാസ്പൂർ മേഖലകളിലെ ലഖൻ കുതിർ,വേദ് നഗർ,സൗഭാഗ്യ ശർമ്മ പഥ് എന്നീ സ്ട്രീറ്റുകളിലെ സൈബര്‍ കേന്ദ്രങ്ങളിലായിരുന്നു പരിശോധന.
സൈബർ കുറ്റകൃത്യങ്ങൾ വഴി ആളുകളെ കബളിപ്പിക്കുന്നതിനായി സഗുണ മോർ,രൂപാസ്പൂർ പ്രദേശങ്ങളിൽ കോൾ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് എത്തിയത്. മൂന്ന് പ്രത്യേക സ്ഥലങ്ങളിൽ നിന്നായി 15യുവതികളെയും ഏഴ് പുരുഷന്മാരെയും ഞങ്ങൾ അറസ്റ്റ് ചെയ്തു എന്ന് സൈബർ പോലീസ് ഡിഎസ്പി സംഗീത മാധ്യമപ്രവർത്തകരോട് പറഞ്ഞു.
റെയ്ഡുകളിൽ പത്തൊൻപത് ലാപ്‌ടോപ്പുകൾ,ഒരു ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടർ, 53മൊബൈൽ ഫോണുകൾ, 12എടിഎം കാർഡുകൾ,നിരവധി രേഖകൾ എന്നിവ കണ്ടെടുത്തതായി അവർ പറഞ്ഞു.
സൈബർ കഫേകളുടെ മറവിലായിരുന്നു തട്ടിപ്പ്. ഇരകളെ തെരഞ്ഞ് കണ്ടെത്തുകയും അവരെ വലയിൽ വീഴ്ത്തുകയുമായിരുന്നു യുവതികളുടെ ജോലി. ബി2ബി സേവനങ്ങൾ വാഗ്ദാനം ചെയ്തും വെരിഫിക്കേഷനുകളുടെ പേരിൽ ആളുകളെ വിളിച്ചുമാണ് തട്ടിപ്പിന് തുടക്കമിട്ടിരുന്നത്.
പിടിയിലായ സ്ത്രീകൾക്ക് പ്രതിമാസം 8,000മുതൽ 10,000രൂപ വരെ ശമ്പളം നൽകിയാണ് ഈ ജോലിക്കായി നിയമിച്ചിരുന്നത്.ഏകദേശം 12-18മാസമായി ഈ സംഘം പ്രവർത്തിച്ചു വരുന്നതായി ഡിഎസ്പി വ്യക്തമാക്കി.സംഘത്തിലെ ശേഷിക്കുന്ന അംഗങ്ങളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഡിഎസ്പി പറഞ്ഞു.





