14കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; പെൺകുട്ടി കൊടും തണുപ്പിൽ കാട്ടിൽ അതിജീവിച്ചത് ഒരു രാത്രി

0
18

ഭുവനേശ്വർ: 14 വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ഒഡീഷയിലെ കാണ്ഡമാൽ ജില്ലയിലായിരുന്നു സംഭവം. ബലാത്സംഗത്തിന് ശേഷം കൊടുങ്കാട്ടിൽ പെൺകുട്ടിയെ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു.

തുടർന്ന് കാട്ടിലെ കൊടുതണുപ്പിൽ ഒരു രാത്രി മുഴുവൻ അതിജീവിച്ച പെൺകുട്ടി വൈകാതെ പുറത്തെത്തി. സംഭവത്തിൽ പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു, രണ്ടാമത്തെ പ്രതിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ബെൽഗാർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടി വീടിന് സമീപത്തെ കനാലിലേക്ക് പോയ സമയത്താണ് ഗ്രാമത്തിലെ തന്നെ രണ്ട് യുവാക്കൾ ചേർന്ന് പെൺകുട്ടിയെ കാട്ടിനുള്ളിലേക്ക് തട്ടിക്കൊണ്ടുപോയത്. പെൺകുട്ടി എതിർത്തതോടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും വിഡിയോ പകർത്തുകയും ചെയ്തു. തുടർന്ന് രാത്രി മുഴുവൻ പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചു. ക്രൂരമായി മർദ്ദിച്ച ശേഷം കാട്ടിൽ ഉപേക്ഷിച്ച് കടന്നുകളയുകായിരുന്നു.

രാത്രി മുഴുവൻ കാട്ടിലെ കൊടു തണുപ്പിനെ അതിജീവിച്ച പെൺകുട്ടി തിങ്കളാഴ്ച രാവിലെയോടെയാണ് കാടിനു പുറത്തെത്തിയത്. തുടർന്ന് വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.