ലക്നൗ: ഒൻപത് വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായ ദമ്പതികളുടെ ജീവിതം രണ്ട് മാസത്തിനുള്ളിൽ ഭർത്താവിന്റെ കൊലപാതകത്തിൽ കലാശിച്ചു. ഉത്തർപ്രദേശിലെ ബറേലിയിലെ ഇസത്ത്‌നഗറിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന 33 കാരനായ ജിതേന്ദ്ര കുമാർ യാദവിനെ ജനുവരി 26 നാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ ഇത് ആത്മഹത്യയാണെന്നാണ് കരുതിയതെങ്കിലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണം ശ്വാസംമുട്ടിച്ചാണെന്ന് തെളിഞ്ഞു.
പൊലീസ് അന്വേഷണത്തിൽ ജിതേന്ദ്രയെ ഭാര്യ ജ്യോതിയും കുടുംബാംഗങ്ങളും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. വിവാഹം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽ തന്നെ പണത്തെച്ചൊല്ലി ഇവർക്കിടയിൽ തർക്കങ്ങൾ ആരംഭിച്ചിരുന്നു. ജ്യോതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 20,000 രൂപ എടുത്ത ജിതേന്ദ്ര പണം ഓൺലൈൻ ചൂതാട്ടത്തിൽ നഷ്ടപ്പെടുത്തിയതാണ് തർക്കത്തിനു കാരണമായത്.
ജനുവരി 26ന് പണത്തെച്ചൊല്ലിയുള്ള വഴക്ക് രൂക്ഷമായപ്പോൾ ജ്യോതി തന്റെ മാതാപിതാക്കളെയും സഹോദരനെയും വിളിച്ചുവരുത്തി. തുടർന്ന് അച്ഛൻ കാളീചരൺ, അമ്മ ചമേലി, സഹോദരൻ ദീപക് എന്നിവർ ചേർന്ന് ജിതേന്ദ്രയെ പിടിച്ചുവയ്ക്കുകയും ജ്യോതി ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പൊലീസ് പറയുന്നു.
കൊലപാതകത്തിനു ശേഷം മൃതദേഹം ജനാലയിൽ കെട്ടിത്തൂക്കി ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചു. അയൽക്കാരെ വിശ്വസിപ്പിക്കാൻ ബഹളം വയ്ക്കുകയും ചെയ്തു. എന്നാൽ ജിതേന്ദ്രയുടെ സഹോദരൻ അജയ് കുമാർ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. ചോദ്യം ചെയ്യലിൽ ജ്യോതി കുറ്റം സമ്മതിച്ചു. പൊലീസ് ജ്യോതിയെയും മാതാപിതാക്കളെയും അറസ്റ്റ് ചെയ്തു. ഒളിവിലുള്ള സഹോദരൻ ദീപക്കിനായി തിരച്ചിൽ തുടരുകയാണ്.





