ദലിത് വിദ്യാർഥിയെ കത്തുന്ന മാലിന്യക്കുഴിയിലേക്ക് തള്ളിയിട്ട് സഹപാഠികൾ; തമാശയ്ക്ക് ചെയ്തതെന്ന് പോലീസ്

0
58

ചെന്നൈ: എട്ടാം ക്ലാസ് വിദ്യാർഥിയായ ദലിത് ബാലനെ കത്തുന്ന മാലിന്യക്കുഴിയിലേക്ക് തള്ളിയിട്ട് സഹപാഠികൾ. തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിലെ കുന്നത്തൂരിലെ കറുപ്പണ്ണ നാടാർ ഹൈസ്കൂളിൽ വെള്ളിയാഴ്ചയാണ് സംഭവം. തീയിൽ വീണ് മെർകുപതി സ്വദേശിയായ 13കാരന് ​ഗുരുതരമായി പൊള്ളലേറ്റു. ജാതീയമായ അതിക്രമമാണ് കുട്ടിക്ക് നേരെയുണ്ടായതെന്ന് 13കാരന്റെ പിതാവ് ആരോപിച്ചു.

സ്കൂൾ വിട്ട ശേഷം ക്ലാസിലെ ചപ്പുചവറുകൾ മാലിന്യക്കുഴിയിൽ കളയാൻ പോവുകയായിരുന്നു കുട്ടി. ഈ സമയം പിന്നാലെയെത്തിയ മറ്റ് രണ്ട് വിദ്യാർഥികൾ 13കാരന്റെ കൈകാലുകൾ പിടിച്ച് കത്തുന്ന മാലിന്യക്കുഴിയിലേക്ക് എറിയുകയായിരുന്നെന്നാണ് പരാതി. കരച്ചിൽ കേട്ടെത്തിയ മറ്റ് കുട്ടികളാണ് തീയിൽ കിടന്ന് പുളയുകയായിരുന്ന കുട്ടിയെ രക്ഷിച്ചത്.

കൈകളിലും പിൻഭാ​ഗത്തും ​ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ കുന്നത്തൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദ​ഗ്ധ ചികിത്സയ്ക്കായി പെരുന്തുറൈ സർക്കാർ മെഡിക്കൽ കോളജിലേക്കും പിന്നീട് കോയമ്പത്തൂരിലെ ആശുപത്രിയിലേക്കും മാറ്റി. രണ്ട് സഹപാഠികൾ തന്റെ കൈകളും കാലുകളും പിടിച്ച് തീയിലേക്ക് എറിയുകയായിരുന്നെന്ന് പരിക്കേറ്റ കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

ജാതിയുടെയും നിറത്തിന്റേയും പേരു പറഞ്ഞ് ആറാം ക്ലാസ് മുതൽ തന്റെ മകനെ ഈ രണ്ട് സഹപാഠികൾ അധിക്ഷേപിക്കാറുണ്ടായിരുന്നെന്ന് 13കാരന്റെ മാതാവ് പറഞ്ഞു. കറുത്ത നിറത്തിന്റെ പേരിൽ ക്ലാസിലെ അധ്യാപകർ പോലും തന്റെ മകനെ കളിയാക്കാറുണ്ടെന്നും അവർ വ്യക്തമാക്കി.

അതേസമയം, കുടുംബത്തിന്റെ ആരോപണം തള്ളിയ പൊലീസ്, കുട്ടികൾ കളിക്കുന്നതിനിടെ പരസ്പരം തള്ളുകയും ഇതിനിടെ കുട്ടി തീയിൽ വീണതാണെന്നും അവകാശപ്പെട്ടു. ‘അന്വേഷണത്തിൽ, പരിക്കേറ്റ ആൺകുട്ടിയും ഉൾപ്പെട്ട മറ്റ് വിദ്യാർഥികളും സഹപാഠികളാണെന്നും അവർ ഇടയ്ക്കിടെ പരസ്പരം വീടുകൾ സന്ദർശിക്കാറുണ്ടെന്നും കണ്ടെത്തി. വെള്ളിയാഴ്ച, വിദ്യാർഥികൾ കളിയായി പരസ്പരം തള്ളുകയായിരുന്നു’- തിരുപ്പൂർ പൊലീസ് പറഞ്ഞു.