വീട്ടമ്മയുടെ തല തെരുവുനായ കടിച്ചുകീറി; ആക്രമണത്തില്‍ നാല് വയസ്സുകാരനും പരുക്ക്

0
113

തൃപ്പൂണിത്തുറ: തെരുവുനായ ആക്രമണത്തില്‍ വീട്ടമ്മക്കും നാലു വയസ്സുകാരനും ഗുരുതര പരുക്ക്. എറണാകുളം ഉദയംപേരൂര്‍ അതിര്‍ത്തി റോഡ് തെക്കേ പുളിപ്പറമ്പില്‍ സതി (52), ഉദയംപേരൂര്‍ ഉദയഗിരി റോഡ് ഭാഗത്ത് വാടക വീട്ടില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി തങ്കവേലുവിന്റെ മകന്‍ ഭുവനേശ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. പുതിയകാവിലും ഉദയംപേരൂര്‍ പ്രദേശത്തുമായി മറ്റ് അഞ്ചുപേര്‍ക്കും തെരുവുനായ ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്.

സതിയുടെ തല തെരുവ് നായ്ക്കള്‍ കടിച്ചുകീറി. ഭുവനേശിന്റെ മുഖത്താണ് പരുക്കേറ്റത്. ഇന്നലെ രാവിലെ ഏഴോടെ മുറ്റമടിക്കുകയായിരുന്ന സതിയുടെ സമീപത്തേക്ക് ഓടിയെത്തിയ നായ ഇവരുടെ തലയില്‍ കടിച്ച് ആഴത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു. ഈ ഭാഗത്തെ മാംസം അടര്‍ന്നുപോയി. ഭര്‍ത്താവ് വിജയനും മറ്റും ചേര്‍ന്ന് സതിയെ ആദ്യം തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചു. പിന്നീട് എറണാകുളം മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി.

വെള്ളിയാഴ്ചയാണ് ഭുവനേശിനെ നായ ആക്രമിച്ചത്. വീടിനു സമീപത്തെ അങ്കണ്‍വാടിയില്‍ നിന്ന് വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. കുട്ടിയുടെ കവിളിലും ചുണ്ടിലും കടിയേറ്റു.