രണ്ട് വർഷത്തെ അടച്ചുപൂട്ടലിന് ശേഷം, ഗാസയ്ക്കും ഈജിപ്തിനുമിടയിലെ റഫാ അതിർത്തി നാളെ തുറക്കും. 2024നുശേഷം ഇതാദ്യമായാണ് ഇരുദിശകളിലേക്കുമായി അതിർത്തി തുറക്കുന്നത്. എന്നാല്‍, 2023 ഒക്ടോബറില്‍ ആരംഭിച്ച സംഘർഷത്തില്‍ ഗാസ വിട്ടുപോയ പലസ്തീനികളെ മാത്രമേ മടങ്ങാന്‍ അനുവദിക്കൂ എന്നും, മുന്‍കൂർ അനുമതിയോടെ മാത്രമായിരിക്കും ഗാസയിലേക്കുള്ള പ്രവേശനമെന്നും ഇസ്രയേല്‍ ഏജന്‍സിയായ COGAT അറിയിച്ചു.
പ്രതിദിനം രോഗികളും രണ്ട് കൂട്ടിരിപ്പുകാരും അടക്കം 150 പേരെ ഗാസയ്ക്ക് പുറത്തേക്കും, 50 പേരെ ഗാസയ്ക്കുള്ളിലേക്കും പ്രവേശിപ്പിച്ചേക്കും എന്നാണ് അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ഹമാസിന്‍റെ ആയുധക്കടത്ത് തടയാനെന്ന പേരില്‍, 2024 മേയിലാണ് ഗാസയുടെ ജീവനാഡിയായ റഫാ കവാടം ഇസ്രയേല്‍ അടച്ചുപൂട്ടിയത്.
ഗാസയിലെ 2 ദശലക്ഷത്തിലധികം വരുന്ന ജനങ്ങൾക്ക് അകത്തേക്കും പുറത്തേക്കും പോകാനുള്ള ഏക മാർഗം ഫലത്തിൽ റാഫ ക്രോസിംഗ് ആണ്. ഒക്ടോബറിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാനുള്ള പദ്ധതിയിലുള്ള ട്രംപിൻ്റെ ആദ്യ ആവശ്യങ്ങളിലൊന്നും റഫാ അതിർത്തി തുറക്കുകയെന്നതായിരുന്നു. എന്നാൽ ഗാസയിലുള്ള അവസാന ഇസ്രയേലി ബന്ദിയുടേയും ശരീരം കണ്ടെത്തിയതിന് ശേഷം മാത്രമേ ഇത് തുറക്കുവെന്നായിരുന്നു ഇസ്രയേൽ പറഞ്ഞത്.
