കൊളംബിയയിൽ വിമാനദുരന്തം: എംപി അടക്കം 15 മരണം; കാരണം വ്യക്തമല്ല

0
79

ബൊഗോട്ട: വടക്കുകിഴക്കൻ കൊളംബിയയിൽ ചെറുവിമാനം തകർന്നു വീണ് 15 പേർ കൊല്ലപ്പെട്ടു. കൊളംബിയ-വെനസ്വേല അതിര്‍ത്തി പ്രദേശമായ ഡി സാന്റാൻഡർ പ്രവിശ്യയിൽ ബുധനാഴ്ചയാണ് അപകടമുണ്ടായത്. സർക്കാർ ഉടമസ്ഥതയിലുള്ള എയർലൈനായ സറ്റേനയുടെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 13 യാത്രക്കാരും രണ്ടു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരിൽ കൊളംബിയന്‍ പാര്‍ലമെന്‍റ് അംഗവും ഉൾപ്പെടുന്നു. 

വിമാന അവശിഷ്ടങ്ങൾ കണ്ടെത്തിയതായും അപകടത്തിൽ ആരും രക്ഷപ്പെട്ടില്ലെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു. വനപ്രദേശത്താണ് വിമാനം തകർന്നു വീണത്. ക്യുകറ്റയിലെ കമിലിയോ ഡാസ വിമാനത്താവളത്തില്‍നിന്നും നിന്നും പ്രാദേശിക സമയം രാവിലെ 11.42ഓടെ ഒക്കാനയിലേക്കാണ് വിമാനം പുറപ്പെട്ടത്. പക്ഷേ പറന്നുയർന്ന് മിനിറ്റുകൾ കഴിഞ്ഞപ്പോൾതന്നെ എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടമായിരുന്നു. അപകടത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല.