‘അടുത്ത ആക്രമണം വളരെ രൂക്ഷമായിരിക്കും’: ഇറാന് മുന്നറിയിപ്പുമായി ട്രംപ്

0
89

വാഷിങ്ടൺ: ഇറാനുനേരെ വളരെ രൂക്ഷമായ ആക്രമണം നടത്തിയേക്കുമെന്ന  ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആണവായുധങ്ങൾ ഉപേക്ഷിക്കുന്നതിനുള്ള കരാറുമായി ബന്ധപ്പെട്ട ചർച്ചക്ക് തയ്യാറാവാത്ത പക്ഷം അടുത്ത ആക്രമണം ‘വളരെ രൂക്ഷമായിരിക്കും’ എന്നാണ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകിയത്.  സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ ഭീഷണി.

അമേരിക്കയുടെ വിമാനവാഹിനി കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കൺ നയിക്കുന്ന അമേരിക്കയുടെ വലിയ നാവികപ്പട മേഖലയിലേക്ക് നീങ്ങുന്നുണ്ടെന്നും ആവശ്യമെങ്കിൽ വേഗതയോടെയും ആക്രമണ സ്വഭാവത്തോടെയും ദൗത്യം നിറവേറ്റാൻ അവർ സദാ സന്നദ്ധരാണെന്നും കഴിവുള്ളവരാണെന്നും ട്രംപ് വ്യക്തമാക്കി.

മൂന്ന് യുദ്ധക്കപ്പലുകളുടെ അകമ്പടിയോടെ യുഎസ്എസ് എബ്രഹാം ലിങ്കൺ ചൊവ്വാഴ്ച പശ്ചിമേഷ്യയിൽ പ്രവേശിച്ചിരുന്നു. യുഎസ്- ഇറാൻ ബന്ധം അങ്ങേയറ്റം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് പശ്ചിമേഷ്യയിലേക്ക് യുഎസ് യുദ്ധക്കപ്പലുകളും എത്തിയത്. ഇതിനുപിന്നാലെയാണ് ട്രംപിന്റെ ഭീഷണി. സമയം വളരെ പ്രധാനമാണ് എന്നുപറഞ്ഞ ട്രംപ്, ആണവായുധങ്ങൾ സംബന്ധിച്ചുള്ള ന്യായവും തുല്യവുമായ ഉടമ്പടി തയ്യാറാക്കുന്നതിനായി ഇറാൻ ഉടൻ ചർച്ചയ്ക്ക് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. 

‘ഇറാൻ അധികം വൈകാതെ ചർച്ചകൾക്കായി ഒരു മേശക്ക് മുന്നിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ആണവായുധങ്ങൾ വേണ്ടെന്ന കരാറിനായുള്ള ചർച്ചകൾ നടക്കും. അതായിരിക്കും എല്ലാ കക്ഷികൾക്കും നല്ലത്. സമയം തീർന്നുകൊണ്ടിരിക്കുകയാണ്, സത്യത്തിൽ അതാണ് ഏറ്റവും പ്രധാനപ്പെട്ടത്.’ അദ്ദേഹം ട്രൂത്ത് സോഷ്യലിൽ എഴുതി.