തണുത്തു വിറച്ച് സഊദിയുടെ വടക്കന്‍ പ്രദേശങ്ങള്‍; രേഖപ്പെടുത്തിയത് പൂജ്യം ഡിഗ്രി സെല്‍ഷ്യസ്

0
168

ദമാം: സഊദിയിലെ വടക്കന്‍ അതിര്‍ത്തി പ്രവിശ്യയായ താരിഫില്‍ ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് പൂജ്യം ഡിഗ്രി സെല്‍ഷ്യസ്. അല്‍-ഖുറയ്യത്തില്‍ ഒരു ഡിഗ്രി സെല്‍ഷ്യസും സകാക്കയിലും തബൂക്കിലും മൂന്ന് ഡിഗ്രി സെല്‍ഷ്യസും അറാറിലും ഏറ്റവും കുറഞ്ഞ താപനില നാല് ഡിഗ്രി സെല്‍ഷ്യസും ഹായിലിലും റഫഹയിലും ആറ് ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

അല്‍ ഖാസിമിന്റെ ചില ഭാഗങ്ങളിലും വടക്കന്‍ അതിര്‍ത്തികളിലും റിയാദ് മേഖലയുടെ കിഴക്കന്‍, വടക്കന്‍ ഭാഗങ്ങളിലും ആലിപ്പഴ വര്‍ഷത്തോടൊപ്പം മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി വ്യക്തമാക്കി. രാജ്യത്തിന്റെ പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളുടെ ചില ഭാഗങ്ങളില്‍ കാറ്റിനും ഇടിമിന്നല്‍ രൂപപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് കേന്ദ്രം സൂചിപ്പിച്ചു. ഈ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിലും അല്‍-ജൗഫ് മേഖലയിലെ ചില ഭാഗങ്ങളിലും മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രതപാലിക്കാനും നിര്‍ദ്ദേശം നല്‍കി.

ചെങ്കടലില്‍, വടക്കന്‍, മധ്യ ഭാഗങ്ങളില്‍ വടക്ക് പടിഞ്ഞാറ് മുതല്‍ വടക്ക് പടിഞ്ഞാറ് വരെയും തെക്ക് കിഴക്ക് മുതല്‍ തെക്ക് പടിഞ്ഞാറ് വരെയും ഉപരിതല കാറ്റിനും സാധ്യയുള്ളതിനാല്‍ , മണിക്കൂറില്‍ 20 മുതല്‍ 40 കിലോമീറ്റര്‍ വരെയും തെക്ക് ഭാഗത്ത് ഇടിമിന്നലോടുകൂടിയ കാറ്റ് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.