‘ഡോക്ടർ’ പദവി എം.ബി.ബി.എസുകാർക്ക് മാത്രം അവകാശപ്പെട്ടതല്ലെന്ന് ഉത്തരവിറക്കി ഹൈക്കോടതി. മെഡിക്കൽ ബിരുദമുള്ളവർക്ക് മാത്രം നിയമപരമായി പദവി നീക്കിവെച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും എട്ടോളം ഡോക്ടർമാരും ചേർന്ന് നൽകിയ ഹർജി തള്ളിയാണ് ഹൈക്കോടതി ഉത്തരവ്.
ഫിസിയോ തെറാപ്പിസ്റ്റുകൾക്കും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾക്കും പേരിനൊപ്പം ‘ഡോക്ടർ’ എന്ന് ചേർക്കാമെന്നും കോടതി വ്യക്തമാക്കി. ഫിസിയോ തെറാപ്പിസ്റ്റുകൾ സഹായികൾ മാത്രമാണെന്ന ഐ എം എയുടെ വാദവും കോടതി തള്ളി. പേരിന് മുന്നിൽ ഡോക്ടർ എന്ന പദവി ഉപയോഗിക്കാനുള്ള അവകാശം നിയമപരമായി മെഡിക്കൽ ബിരുദമുള്ളവർക്ക് മാത്രമായി നീക്കിവെച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു.
തങ്ങൾക്ക് തുല്യമായ സാമൂഹിക അന്തസ്സ് ഫിസിയോ തെറാപ്പിസ്റ്റുകൾക്കും ഒക്യുപേഷണൽ തെറാപിസ്റ്റുകൾക്കും ലഭിക്കുന്നതിലുള്ള അസ്വസ്ഥതയാണ് പരാതിക്കാര്‍ക്കെന്നും കോടതി ചൂണ്ടിക്കാട്ടി. ഫിസിയോ തെറാപ്പിസ്റ്റുകൾ വെറും സഹായികളല്ലെന്നും രോഗ നിർണയത്തിനും ചികിത്സാ സഹായത്തിനും അവർക്ക് അധികാരമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.





