കോഴിക്കോട്: 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നികേഷ് കുമാറിനെ കിണറ്റിലിറക്കി ശരിയാക്കിയത് താനാണെന്ന് മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജി. തെരഞ്ഞെടുപ്പ് സമയത്ത് നികേഷ് എടങ്ങേറാക്കി.
മോണിങ് വാക്ക്, മൂൺവാക്ക് എന്നൊക്കെ പറഞ്ഞു. എന്തൊക്കെയോ ഗിമ്മിക്ക് കാട്ടി. അങ്ങനെ താനാണ് നികേഷിനെ ശരിയാക്കാൻ കിണറ്റിലിറക്കിയത്. അങ്ങനെയാണ് ആ സാധു കിണറ്റിലിറങ്ങിയതെന്നും കെ.എം. ഷാജി പറഞ്ഞു.
“നികേഷ് കുമാറിന് എന്നെ കണ്ടാൽ കലിയാണ്. എന്നെ ആക്ഷേപിക്കാനാണ് അയാൾ ഇറങ്ങി പുറപ്പെട്ടത്. ഒരു ദിവസം എന്നെ ഉന്നമിട്ട് ഇഞ്ചിയെ കുറിച്ച് ഒരു മണിക്കൂർ ചർച്ച ഇവരുടെ ചാനലിൽ നടത്തി. ഇഞ്ചി അങ്ങനെയാണ്, ഇഞ്ചി ഇങ്ങനെയാണ്, ഈ ഷാജി എങ്ങനെയാണ് ഇങ്ങനെ ഇഞ്ചി വിറ്റ് പൈസ ഉണ്ടാക്കിയത് എന്നെല്ലാം. അതേ ചാനലിന്റെ മുതലാളി പിന്നെ പറഞ്ഞു.
കേരളത്തിൽ ഏറ്റവും കൂടുതൽ ടാക്സ് കൊടുക്കുന്ന ഒരാൾ ഇഞ്ചി കച്ചവടം ചെയ്യുന്നവനാണ്, അതേ ചാനലിൽ നിന്നിട്ട്. ഇയാൾ എന്‍റെ പേര് പറഞ്ഞില്ല. കേസ് വന്നേക്കുമോ എന്ന് ഭയന്നിട്ട്. പക്ഷെ ഞാൻ അയാളുടെ പേര് പറയൂല്ല. പറയാതെ തന്നെ നാട്ടുകാർക്ക് അറിയാം. തലയിൽ രോമമില്ലാത്തതിനാൽ അയാളെ മൊട്ടയെന്നാണ് വിളിക്കുക. തലയ്ക്കകത്ത് ഒന്നുമില്ലാത്ത ചിലരെ പൊട്ടനെന്നും വിളിക്കും.
ഒറ്റക്കാര്യമേ എനിക്ക് പറയാനുള്ളു. എന്നെ കടിച്ചുകീറാൻ വരുന്നതിന് മുൻപ് നിങ്ങൾക്ക് പേപ്പർ കൊടുത്തയക്കുന്ന നികേഷിനോട് ചോദിക്കു. ഞാൻ അഴീക്കോട് മത്സരിച്ച് 10 കൊല്ലം എംഎൽഎ ആയിട്ടാണ് രണ്ടാമത് മത്സരിക്കാൻ നോമിനേഷൻ കൊടുത്തത്. തോറ്റു പോയി. പിന്നെ ഏത് കേസിന്‍റെ പേരിലാണ് ഷാജി എംഎൽഎ അല്ലാതെ ആയത്? നിങ്ങൾ കള്ളക്കേസ് ഉണ്ടാക്കി. കാരണം നികേഷ് കുമാറിനെയാണ് ഞാൻ എതിർത്തത്. ഞാൻ കിണറിൽ ഇറക്കിയതില്‍ അയാൾക്ക് ദേഷ്യമായി. എന്നാല്‍ ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല. ഒരു സത്യം ഞാൻ പറയട്ടെ, അയാളെ കിണറിൽ ഇറക്കിയത് ഞാനാണ്. അയാൾ ഇറങ്ങിയതല്ല.
കാരണം ഇയാള്‍ക്ക് ഒരു ഇലക്ഷന്‍റെ മര്യാദ ഒന്നുമില്ല. ആകെ ഇടങ്ങാറാക്കി. അവിടെ വന്നിട്ട് മോണിങ് വാക്ക്, നൂൺ വാക്ക് ഇതൊക്കെ പറഞ്ഞിട്ട്. രാഷ്ട്രീയല്ലേ. എന്തൊക്കെ ഗിമ്മിക്കുകള്‍. എനിക്ക് അറിയാമായിരുന്നു ഇയാളെ ഒന്ന് ശരിയാക്കാം. ഞാൻ രണ്ടുമൂന്ന് ആളോട് പറഞ്ഞു വെള്ളം എടുക്കാന്‍ ഒന്ന് ഇറങ്ങി നില്‍ക്ക് അതൊരു ട്രെൻഡ് ആകും എന്ന് പറഞ്ഞു. ആ സാധു ഇറങ്ങിയതാണ്. 10 മിനിറ്റ് കൊണ്ട് ഞാൻ അവിടെ ചെന്നിട്ട് വേറെ വിഡിയോ ഉണ്ടാക്കി. എന്താ അയാള്‍ ഇറങ്ങാന്‍ കാരണം എന്നറിയോ? പൊട്ടനാണ് അല്ലെങ്കിൽ ഇറങ്ങുമോ? ആരെങ്കിലും കിണറ്റിൽ ഇറങ്ങി വെള്ളമെടുത്ത് ലോകത്ത് കണ്ടിട്ടുണ്ടോ? മരിക്കാൻ ചാടിയിട്ടുണ്ട് കിണറ് നന്നാക്കാൻ ഇറങ്ങിയിട്ടുണ്ട്.
എടോ കിണറേഷേ, ഞാൻ ഇറക്കിയതാണ്. അത് മനസിലാക്കിക്കോളൂ നിങ്ങള്‍. കിണറിൽ ഇറക്കാൻ പറ്റിയിട്ടുണ്ടെങ്കിൽ അതിന്‍റെ ദേഷ്യം കള്ളത്തരം ഉണ്ടാക്കലല്ല. അയാൾ ഉണ്ടാക്കിയ നോട്ടീസ് മുഴുവൻ കള്ളമാണ്. ആ നോട്ടീസിന് കോടതിയിൽ നിന്ന് അംഗീകാരം കിട്ടിയിട്ട് 10 കൊല്ലം എംഎൽഎ ആയ ആളാണ് ഞാൻ. എന്നിട്ട് ഈ പറയുന്ന ആളുകള്‍ ഒരാളും രണ്ടാളുമല്ല, എകെജി സെന്‍ററിലെ ശമ്പളം പറ്റുന്ന ധൈര്യമുള്ള 100 പേരുണ്ടെങ്കിൽ വാ, ഞാൻ ഒറ്റയ്ക്ക് മതി. അത് ചാനൽ മുറിയിൽ അല്ല. ഇവിടെ കാഞ്ഞങ്ങാട് സ്റ്റേജ് കെട്ടാം. കെ.എം. ഷാജിയുടെ ഭാഗത്ത് നിന്ന് മറ്റെതെങ്ങിലും ഒരുമതത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഒരുവാക്ക് തെളിയിക്കാൻ കഴിഞ്ഞാൽ പരസ്യമായി മാപ്പ് പറയാൻ ഞാൻ വരും”, കെ.എം. ഷാജി പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ.





