ഉമ്മൻ ചാണ്ടി ദ്രോഹിച്ചു, സകലതും പിടിച്ചുവാങ്ങാൻ മധ്യസ്ഥത വഹിച്ചു: ഗണേഷ് കുമാർ

0
116

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മ‌ൻ ചാണ്ടി തന്നെ ദ്രോഹിക്കുകയും കുടുംബം തകര്‍ത്ത് സകലതും പിടിച്ചുവാങ്ങി മക്കളെയും തന്നെയും വേര്‍പിരിക്കാന്‍ മധ്യസ്ഥത വഹിക്കുകയും ചെയ്തുവെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. രണ്ടു മക്കളെയും തന്നെയും വേര്‍പിരിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

ഒരു നല്ല മനുഷ്യനും കുടുംബനാഥനുമായിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി ഞങ്ങളെ യോജിപ്പിക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. 

നെല്ലിയാമ്പതിയിലെ വനഭൂമി പതിച്ചുകൊടുക്കാന്‍ കൂട്ടുനില്‍ക്കാത്തതിന്റെ പേരിലാണ് 2003ല്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നതെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം മന്ത്രിസ്ഥാനം തിരിച്ചു നല്‍കാമെന്ന് കൊടിക്കുന്നില്‍ സുരേഷിന്റെ സാന്നിധ്യത്തില്‍ ഉമ്മന്‍ചാണ്ടി അച്ഛനോട് സമ്മതിച്ചതാണ്. എന്നിട്ടു പറ്റിക്കുകയായിരുന്നുവെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. 

സോളര്‍ കേസില്‍ വിവാദമായ കത്ത് വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയുടെ മകനും പുതുപ്പള്ളി എംഎല്‍എയുമായ ചാണ്ടി ഉമ്മന്‍, ഗണേഷ് കുമാറിനെതിരെ കഴിഞ്ഞ ദിവസം രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ഗണേഷ്‌ കുമാര്‍ തന്റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്നു കരുതിയില്ലെന്നും തന്നെ സ്‌നേഹിച്ചതു പോലെയാണ് ഗണേഷ്‌കുമാറിനെയും അപ്പന്‍ സ്‌നേഹിച്ചതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു. എന്നിട്ടും സോളര്‍ കേസില്‍ വിവാദമായ 18 പേജുള്ള കത്ത് എങ്ങനെ 24 പേജായെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു. ഇതു ചര്‍ച്ചയായതിനെ തുടര്‍ന്നാണ് വിശദീകരണവുമായി ഗണേഷ്‌കുമാര്‍ രംഗത്തെത്തിയത്.