തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി കോൺഗ്രസ്; ഘടകകക്ഷികളുമായി ചർച്ച, സീറ്റുകൾ വെച്ചുമാറാൻ ലീഗ്‌

0
96

തിരുവനന്തപുരം: ഘടകകക്ഷികളുമായുള്ള നിയമസഭാ സീറ്റുവിഭജന ചർച്ചകൾ കോൺഗ്രസ് നേതൃത്വം തുടങ്ങിവെച്ചു. രണ്ടുദിവസമായി മുസ്‌ലിം ലീഗ്, ആർഎസ്‌പി, സിഎംപി എന്നീ കക്ഷികളുമായാണ് പ്രധാനമായും ചർച്ചനടന്നത്.

പ്രാഥമിക ചർച്ചയുടെകൂടി അടിസ്ഥാനത്തിൽ വ്യാഴാഴ്ച കോൺഗ്രസ് നേതാക്കൾ ഡൽഹിക്കുപോകും. വെള്ളിയാഴ്ച ഹൈക്കമാൻഡുമായി സംസ്ഥാനത്തെ മുതിർന്നനേതാക്കളുടെ ചർച്ച നിശ്ചയിച്ചിട്ടുണ്ട്. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർ പങ്കെടുക്കും.

ചില സീറ്റുകളുടെ വെച്ചുമാറ്റമായിരുന്നു ലീഗ് ചർച്ചയിൽ ഊന്നിയത്. ലീഗ് മത്സരിച്ച കളമശ്ശേരി സീറ്റ് കൊച്ചിയുമായും ഇതേ മാതൃകയിൽ താനൂർ സീറ്റ് തവനൂരുമായും മാറുന്നകാര്യം ചർച്ചയായി. കൊല്ലത്തെ പുനലൂരിന് പകരം തെക്കൻ ജില്ലകളിൽ വിജയസാധ്യതയുള്ള സീറ്റും ലീഗിന്റെ ആവശ്യങ്ങളിൽ ഉൾപ്പെടുന്നു. തിരുവമ്പാടിയുടെ കാര്യത്തിലും വെച്ചുമാറ്റ ചർച്ചയുണ്ട്. അന്തിമതീരുമാനമായിട്ടില്ല.

ആർഎസ്‌പി കഴിഞ്ഞതവണ മത്സരിച്ച അഞ്ചു സീറ്റുകളിൽ മട്ടന്നൂർ, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ മാറ്റം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ജയസാധ്യതയുള്ള ഒരു സീറ്റിനാണ് മുൻഗണന. 

തിരുവനന്തപുരം മണ്ഡലം സിഎംപി സി.പി. ജോണിന് മത്സരിക്കാനായി ആവശ്യപ്പെട്ടു. ജോണിന് ജയസാധ്യതയുള്ള സീറ്റ് വേണമെന്ന കാര്യത്തിൽ പാർട്ടിക്ക് നിർബന്ധമുണ്ട്. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പുമായുള്ള ചർച്ച പിന്നീടാകും നടക്കുക.