ദുബൈ: വിമാനയാത്രയിൽ കേരളത്തോടുള്ള കേന്ദ്ര അവഗണന തുടരുന്നതായി പരാതി. ദുബൈയിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് (AI 934) നിർത്തലാക്കാൻ നീക്കം നടക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. പ്രീമിയം സൗകര്യങ്ങളുള്ള എയർ ഇന്ത്യയെ പിൻവലിച്ച്, പകരം ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്താനാണ് ആലോചന.
നിലവിലെ സൂചനകൾ പ്രകാരം കൊച്ചി – ദുബൈ റൂട്ടിലെ എയർ ഇന്ത്യ സർവീസ് മാർച്ച് 28 വരെ മാത്രമേ ഉണ്ടാകൂ. മാർച്ച് 29 മുതൽ ഈ റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് ആയിരിക്കും സർവീസ് നടത്തുകയെന്ന് ട്രാവൽ ഏജൻസികൾക്ക് അനൗദ്യോഗിക വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ഔദ്യോഗിക വിജ്ഞാപനം പുറത്തുവന്നിട്ടില്ല. കൊച്ചിക്ക് പുറമെ ഹൈദരാബാദിലേക്കുള്ള സർവീസും എയർ ഇന്ത്യ നിർത്തലാക്കാൻ ഒരുങ്ങുന്നതായാണ് വിവരം.
എയർ ഇന്ത്യ പിൻവാങ്ങുന്നതോടെ പ്രവാസികൾക്കും സ്ഥിരം യാത്രക്കാർക്കും വലിയ തോതിലുള്ള ആനുകൂല്യങ്ങൾ നഷ്ടമാകും. എയർ ഇന്ത്യയിൽ ലഭിച്ചിരുന്ന മികച്ച ഭക്ഷണ സൗകര്യം എയർ ഇന്ത്യ എക്സ്പ്രസിൽ സൗജന്യമായി ലഭിക്കില്ല. എയർ ഇന്ത്യ നൽകുന്ന അധിക ബാഗേജ് സൗകര്യം ഇല്ലാതാകുന്നത് പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും.
കേരളത്തിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ച് വിമാനങ്ങൾ ഡൽഹി, മുംബൈ റൂട്ടുകളിലേക്ക് മാറ്റാനാണ് നീക്കമെന്ന് കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്. കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടും പ്രീമിയം സർവീസുകൾ പിൻവലിക്കുന്നത് വിവേചനമാണെന്ന് പ്രവാസി സംഘടനകളും ട്രാവൽ ഏജൻസികളും ആരോപിക്കുന്നു.
യാത്രക്കാരുടെ കടുത്ത അമർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ എയർ ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണത്തിനായി കാത്തിരിക്കുകയാണ് പ്രവാസി മലയാളി സമൂഹം.
