“വർഗീയതയ്‌ക്കെതിരെ പറയാൻ സതീശനെന്ത് യോഗ്യത?”; സാമുദായിക ഐക്യത്തിൽ നിലപാട് വ്യക്തമാക്കി എൻഎസ്എസ്

0
97

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ തുറന്നടിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും. വർഗീയതയ്ക്കെതിരെ നിലപാട് പറയാൻ വി.ഡി. സതീശന് യോഗ്യതയില്ലെന്ന് സുകുമാരൻ നായർ വിമർശിച്ചു. എൻഎസ്എസിൻ്റെ സഹായം വാങ്ങി ജയിച്ച ശേഷം സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ല എന്ന് പറഞ്ഞിരുന്നു.

എന്നാൽ ഇതേ തത്വം പറഞ്ഞവരാണ് ക്നാനായ സഭയുടെ സിനഡ് കൂടിക്കൊണ്ടിരിക്കുമ്പോൾ തിരുമേനിയുടെ കാലിൽ വീണത്. സതീശൻ പറയുന്നതും പ്രവർത്തിക്കുന്നതും രണ്ടാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവിടെ ഒന്നര മണിക്കൂറാണ് വി.ഡി. സതീശൻ തിണ്ണയിലിരുന്ന് നിരങ്ങിയത്. കയ്യിലിരിപ്പ് കൊണ്ട് തിരിച്ചടി ഉണ്ടായാൽ ഞങ്ങൾക്ക് ഉത്തരവാദിത്തമില്ല. ഒരു നേതാക്കന്മാരും അത്രകണ്ട് അഹങ്കരിക്കരുതെന്നും സുകുമാരൻ നായർ വിമർശിച്ചു.

സമുദായങ്ങൾക്കെതിരെ പറഞ്ഞയാൾ അതിൽ ഉറച്ചുനിൽക്കണമായിരുന്നു. അല്ലാതെ തിണ്ണ നിരങ്ങാൻ നടക്കരുതായിരുന്നു എന്നും സുകുമാരൻ നായർ വിമർശിച്ചു. സതീശനെ കോൺഗ്രസ് അഴിച്ചു വിട്ടിരിക്കുന്നു. നയപരമായ വിഷയങ്ങൾ തീരുമാനിക്കാൻ സതീശന് എന്ത് അധികാരം. കോൺഗ്രസിന് പ്രസിഡന്‍റ് ഇല്ലേ. കെപിസിസി പ്രസിഡന്‍റ് നോക്കുകുത്തി ആണോ. എല്ലാത്തിനും കേറി സതീശൻ എന്തിനാണ് മറുപടി പറയുന്നത്.

സതീശനേ അഴിച്ചു വിട്ടാൽ കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ അടി കിട്ടുമെന്നും സുകുമാരൻ നായർ അഭിപ്രായപ്പെട്ടു. വെള്ളാപ്പള്ളി തനിക്കെതിരെയും പറഞ്ഞിട്ടുണ്ട്. അതൊക്കെ ക്ഷമിച്ചു. വെള്ളാപ്പള്ളിക്ക് തെറ്റ് പറ്റിയിട്ടുണ്ട്. പക്ഷേ ഈ രീതിയിൽ അദ്ദേഹത്തെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും സമദൂരത്തിൽ മാറ്റമില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.