ഇന്ത്യ-പാക് യുദ്ധം ഒഴിവാക്കിയതിലൂടെ രക്ഷിച്ചത് 10 മില്യൺ ജീവനുകളെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു- വീണ്ടും അവകാശവാദവുമായി ട്രംപ്

0
7

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം അവസാനിപ്പിച്ചതിലൂടെ ദശലക്ഷകണക്കിന് ജീവൻ രക്ഷിച്ചതായുള്ള അവകാശവാദവുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതൊരു ബഹുമതിയായി താൻ കണക്കാക്കുന്നുവെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

വെള്ളിയാഴ്ച ഫ്ലോറിഡയിൽ നടന്ന ഒരു പരിപാടിയിലാണ് ഒരു വർഷത്തിനുള്ളിൽ യുഎസ് ഒന്നിലധികം സമാധാന കരാറുകളിൽ ഇടപെട്ടുവെന്നും ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചതിലൂടെ കുറഞ്ഞത് 10 ദശലക്ഷം ജീവൻ രക്ഷിച്ചതിന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അദ്ദേഹത്തെ പ്രശംസിച്ചിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടത്.

ആണവായുധ ശേഷിയുള്ള രണ്ട് അയൽരാജ്യങ്ങളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കാൻ വാഷിംഗ്ടൺ സഹായിച്ചതായും മിസ്റ്റർ ട്രംപ് ഊന്നി പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ തടയുന്നതിൽ തനിക്ക് പങ്കുണ്ടെന്ന് ട്രംപ് ആവർത്തിച്ച് അവകാശപ്പെട്ടിരുന്നുവെങ്കിലും ഇന്ത്യ ട്രംപിൻ്റെ അവകാശ വാദം നിരസിച്ച് രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ വർഷം മെയ് 10ന് ശേഷം 80 തവണയെങ്കിലും ട്രംപ് ഈ അവകാശ വാദവുമായി വന്നിരുന്നു. എന്നാൽ പാകിസ്ഥാനുമായുള്ള ഇടപാടുകളിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ഇന്ത്യ നിരന്തരം നിരസിക്കുകയും ചെയ്തിരുന്നു.