മുംബൈ : ഡിസംബർ 3 നും 5 നും ഇടയിൽ വിമാന റദ്ദാക്കലുകൾ മൂലം യാത്ര മുടങ്ങിയ എല്ലാ യാത്രക്കാർക്കും റീഫണ്ട് നൽകാനുള്ള നടപടികൾ പൂർത്തിയാക്കിയതായി വിമാനക്കമ്പനിയായ ഇൻഡിഗോ വ്യക്തമാക്കി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇൻഡിഗോ മുഴുവൻ തുകയും റീഫണ്ട് ചെയ്തതായി വ്യക്തമാക്കിയത്.
ഡിസംബർ 3 മുതൽ 5 വരെയുണ്ടായ പ്രവർത്തന തടസങ്ങൾ മൂലം യാത്ര മുടങ്ങിയവർക്ക് റീഫണ്ട് ചെയ്യുന്നതിനും നഷ്ടപരിഹാരം നൽകുന്നതിനും ആഭ്യന്തര വിമാനക്കമ്പനിയായ ഇൻഡിഗോയുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ യാത്രക്കാർക്കായി എയർലൈൻ ഒരു വർഷം സാധുതയുള്ള 5,000 രൂപ വീതമുള്ള രണ്ട് യാത്രാ വൗച്ചറുകൾ നൽകുന്നതായും ഡിജിസിഎ അറിയിച്ചു.
“ബോർഡിംഗ് നിഷേധിക്കൽ, വിമാനങ്ങൾ റദ്ദാക്കൽ, വിമാനങ്ങളിലെ കാലതാമസം” എന്നിവ കാരണം വിമാനക്കമ്പനികൾ യാത്രക്കാർക്ക് നൽകേണ്ട സൗകര്യങ്ങളുമായി ബന്ധപ്പെട്ട ഡിജിസിഎ ചട്ടങ്ങൾ പ്രകാരം യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. അതേസമയം, ഡിസംബർ 2 മുതൽ 9 വരെ എയർലൈൻ പെട്ടെന്ന് റദ്ദാക്കിയ വിമാനസർവീസുകളുടെ റീഫണ്ട് തുക ലഭിക്കാത്തതിനെക്കുറിച്ചുള്ള യാത്രക്കാരുടെ പരാതികൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി സമയപരിധി നടപ്പാക്കുന്നതിലുണ്ടായ അപാകതകളെത്തുടർന്നാണ് ഡിസംബർ 2 മുതൽ ഒരാഴ്ചയോളം രാജ്യവ്യാപകമായി ഇൻഡിഗോ സർവീസുകൾ മുടങ്ങിയത്. നൂറുകണക്കിന് സർവീസുകളാണ് ഓരോ ദിവസവും റദ്ദാക്കിയത്. തുടർന്ന് തടസങ്ങൾക്ക് കാരണമായ സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അവലോകനവും വിലയിരുത്തലും നടത്തുന്നതിന് വ്യോമയാന നിരീക്ഷണ ഏജൻസിയായ ഡിജിസിഎ ജോയിന്റ് ഡയറക്ടർ ജനറൽ സഞ്ജയ് കെ ബ്രഹ്മണെയുടെ നേതൃത്വത്തിൽ നാലംഗ സമിതി രൂപീകരിച്ചിരുന്നു.
…
