റിയാദ്: റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ഹരീഖ് ഓറഞ്ചുൽസവം മലയാളികൾക്കിടയിൽ ഏറെ പ്രസിദ്ധമാണ്. എല്ലാ വർഷവും ജനുവരിയിൽ നടക്കുന്ന ഈ മേളയിൽ സുക്കരി ഓറഞ്ചുകൾ, ഹമദ് നാരങ്ങകൾ, മാൻഡറിൻ തുടങ്ങി ഇരുപതിലധികം ഇനം സിട്രസ് പഴങ്ങളാണ് പ്രദർശിപ്പിക്കുന്നത്. പഴങ്ങളുടെ ഈർപ്പവും സുഗന്ധവും നഷ്ടപ്പെടാതിരിക്കാൻ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞാണ് മേളയിൽ ഇവ പ്രദർശിപ്പിക്കുന്നത്. ജനുവരിൽ 16 വരെ എല്ലാ ദിവസവും രാവിലെ 11 മുതൽ രാത്രി വരെയാണ് ഉത്സവം
വിവിധയിനം ഓറഞ്ചുകൾക്കും നാരങ്ങകൾക്കും പേരുകേട്ട ഈ മേളയിൽ ഇത്തവണ പ്രധാന താരം ‘തുറുഞ്ച്’ എന്ന് വിളിക്കപ്പെടുന്ന സിട്രോൺ പഴങ്ങളാണ്.
എന്താണ് തുറുഞ്ച്? അറബിയിൽ ‘ഉത്‌റുജ്’ എന്നും വിളിക്കപ്പെടുന്ന ഈ പഴം സിട്രസ് വർഗത്തിലെ ഏറ്റവും വലുപ്പമേറിയ ഇനങ്ങളിൽ ഒന്നാണ്. സാധാരണ ഫുട്ബാളിനോളം വലുപ്പത്തിൽ വരെ വളരുന്ന ഇവക്ക് കട്ടിയുള്ളതും പരുക്കനുമായ തൊലിയാണുള്ളത്. സാധാരണ ഓറഞ്ചുകളെ അപേക്ഷിച്ച് ഇതിൽ നീര് കുറവാണെങ്കിലും ഇതിന്റെ ഉൾഭാഗത്തെ വെളുത്ത പാളി കയ്പില്ലാത്തതും സ്വാദുള്ളതുമാണ്.
കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെയെത്തിയ സന്ദർശകരിൽ ഭൂരിഭാഗവും റിയാദ്, അൽഖർജ് എന്നിവിടങ്ങളിൽ നിന്നുള്ള മലയാളികളാണ്. സന്ദർശകരെ സ്വീകരിക്കാൻ ഓറഞ്ച് തോട്ടങ്ങളും ഓറഞ്ചുത്സവത്തോടെ സജ്ജമാകും. സന്ദർശകരെ ഖഹ്‌വയും ഈത്തപ്പഴവും നൽകി സ്വീകരിക്കുന്ന ഫാം ഉടമകൾ ഫാം ചുറ്റിക്കാണാൻ അവസരം നൽകും. ഹരീഖ് നഗരസഭയാണ് ഇവിടെ ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്. തേൻ, അത്തർ എന്നിവക്കും ഓറഞ്ചിനൊപ്പം പ്രത്യേക ടെന്റുകൾ സജ്ജമാക്കിയിട്ടുണ്ട്. ഓറഞ്ച് തൈകളും വിൽക്കാനുണ്ട്.
ഓറഞ്ചുകൾക്ക് ഫലഭൂയിഷ്ഠമായ മണ്ണാണ് ഹരീഖിലേക്ക്. മലകൾ അതിരിട്ട് നിൽക്കുന്ന ഈ പ്രദേശത്തെ എല്ലാ ഈത്തപ്പന തോട്ടങ്ങളിലും ഓറഞ്ചുകൾ വിളയുന്നുണ്ട്. ഓറഞ്ച് വിളവെടുപ്പ് ആരംഭിച്ചതോടെ സഊദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഓറഞ്ച് ഫെസ്റ്റിവലുകളും തുടങ്ങിയിട്ടുണ്ട്. മരുഭൂ തോട്ടങ്ങളിൽ ഈത്തപ്പനകൾക്ക് ഇടവിളയായി നട്ടുപിടിപ്പിക്കുന്ന ഓറഞ്ച് ചെടികളിൽ സാധാരണയായി നവംബർ, ഡിസംബർ മാസങ്ങളിൽ ഓറഞ്ചുകൾ പഴുത്തു തുടങ്ങും. ഇതോടെ നഗരസഭകൾ മുന്നിട്ടിറങ്ങി കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ വിൽക്കാനുള്ള സൗകര്യങ്ങളൊരുക്കും.
പ്രദേശത്തിന്റെ ഏതെങ്കിലും ഭാഗങ്ങളിൽ വിപുലമായ സൗകര്യങ്ങളൊരുക്കി ദിവസങ്ങൾ നീളുന്ന ഉൽസവങ്ങൾ സംഘടിപ്പിക്കും. തോട്ടങ്ങളിൽ വിളയുന്ന വിവിധയിനം ഓറഞ്ചുകളടക്കം എല്ലാ ഉൽപന്നങ്ങളും കർഷകർ അവിടെയെത്തിച്ച് നേരിട്ട് വിൽക്കും.
അൽഉലായുടെ താഴ്‌വരകളിലും സമതലങ്ങളിലുമായി രണ്ട് ലക്ഷത്തോളം ഓറഞ്ച് മരങ്ങളുണ്ടെന്നാണ് കണക്ക്. രാജ്യത്തെ മൊത്തം ഓറഞ്ചുൽപാദനത്തിന്റെ 30 ശതമാനവും ഇവിടെയാണ്. 15,000 ടൺ ഓറഞ്ച് പ്രതിവർഷം ഇവിടെ വിൽപന നടത്തുന്നു. അൽഉലായിലെത്തുന്ന ടൂറിസ്റ്റുകൾക്ക് ഓറഞ്ചുൽസവം ഏറെ ഹൃദ്യമാണ്
