ലോകത്തിൻ്റെ മനം കവർന്ന കാരുണ്യം; മക്ക മസ്ജിദുൽ ഹറമിലെ പ്രവാസി തൊഴിലാളിയെ ആദരിച്ച് മക്ക മേയർ

0
74

മക്ക: വിശുദ്ധ മക്കയിലെ മസ്‌ജിദുൽ ഹറമിൽ പ്രാർത്ഥനയെത്തിയ തീർത്ഥാടകനോട് സുമനസ്സു കാട്ടിയ ബംഗ്ലാദേശി ശുചീകരണ തൊഴിലാളിക്ക് മക്ക മേയറുടെ ആദരം. പള്ളിയിൽ പ്രാർത്ഥിക്കാൻ സ്ഥലമില്ലാതെ വിഷമിച്ച തീർത്ഥാടകന് തന്റെ കൈവശമുണ്ടായിരുന്ന മുസല്ല നൽകിയ തൊഴിലാളിയുടെ വീഡിയോ നേരത്തേ സോഷ്യൽ മീഡിയ യിൽ വൈറലായിരുന്നു.

തിരക്കേറിയ സമയത്ത് മസ്‌ജിദുൽ ഹറമിൽ പ്രാർത്ഥിക്കാൻ ഇടം കിട്ടാതെ നിന്ന തീർത്ഥാടകനെ സഹായിക്കാൻ ഈ തൊഴിലാളി സ്വമേധയാ മുന്നോട്ടുവരികയായിരുന്നു. തന്റെ സ്വകാര്യ ആവശ്യത്തിനായി കരുതിയിരുന്ന മുസല്ല യാതൊരു മടിയും കൂടാതെ അദ്ദേഹം തീർത്ഥാടകന് നൽകുകയായിരുന്നു. നിശബ്ദമായി അദ്ദേഹം ചെയ്ത ഈ നിസ്വാർത്ഥമായ പ്രവൃത്തി അവിടെയുണ്ടായിരുന്ന ആരോ ക്യാമറയിൽ പകർത്തുകയും പിന്നീട് അത് ദശലക്ഷക്കണക്കിന് ആളുകൾ ഏറ്റെടുക്കുകയുമായിരുന്നു.

തൊഴിലാളിയുടെ മാതൃകാ പരമായ ഈ പെരുമാറ്റത്തെ അഭിനന്ദിക്കാനായി മക്ക മേയർ നേരിട്ടെത്തി. “ഏറ്റവും നിർമ്മലമായ രീതിയിലുള്ള ഉദാരമനസ്കതയാണ് അദ്ദേഹം കാണിച്ചത്. വിശുദ്ധ നഗരത്തി ൻ്റെയും മസ്‌ജിദുൽ ഹറമിൻ്റെ യും മൂല്യങ്ങളെയാണ് ഈ പ്രവർത്തനം പ്രതിഫലിപ്പിക്കുന്നത്, ” മക്ക മേയർ പറഞ്ഞു. തീർ ത്ഥാടകരോടുള്ള അദ്ദേഹത്തിൻ്റെ സമർപ്പണത്തെയും മാനു ഷികമായ പെരുമാറ്റത്തെയും മേയർ പ്രത്യേകം പ്രശംസിച്ചു.

സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വൻ തോതിലുള്ള അഭിനന്ദനമാണ് തൊഴിലാളിയെ തേടിയെത്തുന്നത്. എളിമയുടെയും സേവനബോധത്തിൻ്റെയും ഉത്തമ ഉദാഹരണമാണ് ഇദ്ദേഹമെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ കുറിച്ചു. വിശുദ്ധ നഗരത്തിൽ സേവനം ചെയ്യാൻ ലഭിച്ച അവസരത്തിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം വീഡിയോയിൽ പ്രതികരിക്കുന്നുണ്ട്.

മസ്‌ജിദുൽ ഹറമിലെ ശുചീകരണ തൊഴിലാളികൾ നടത്തുന്ന ഇത്തരം നിശബ്ദമായ കാരുണ്യ പ്രവൃത്തികൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാറില്ലെങ്കിലും, ഈ സംഭവം തീർത്ഥാടകരും തൊഴിലാളികളും തമ്മിലുള്ള മാനുഷിക ബന്ധത്തിൻ്റെ ആഴം വെളിപ്പെടുത്തുന്ന ഒന്നായി മാറി.