ഖത്തറിലെ യു എസ് സൈനിക താവളത്തിൽ നിന്ന് ജീവനക്കാരോട് പോകാൻ നിർദേശം, ട്രംപ് ഭീഷണിക്ക് പിന്നാലെ സൈന്യം ജാഗ്രതയിലെന്ന് ഇറാൻ

0
140

ദുബൈ: ഇറാന്റെ സൈന്യം “പ്രതിരോധ സന്നദ്ധതയുടെ ഉന്നതിയിലാണ്” എന്നും “ഏത് ആക്രമണത്തെയും നേരിടും” എന്നും ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) വെളിപ്പെടുത്തി. രാജ്യത്തെ പ്രതിഷേധക്കാരെ പിന്തുണയ്ക്കുന്നതിനായി നടപടികൾ ശക്തമാക്കുമെന്ന് ട്രംപ് വീണ്ടും വേണ്ടും വ്യക്തമാക്കുന്നതിടെയാണ് ഇറാൻ സൈനിക നേതൃത്വം നിലപാട് വ്യക്തമാക്കിയത്.

നേരത്തെ ഇസ്രായേലുമായുള്ള 12 ദിവസത്തെ യുദ്ധത്തിന് മുമ്പുള്ളതിനേക്കാൾ മിസൈൽ കരുതൽ ശേഖരം വർദ്ധിച്ചുവെന്നും ഈ കാലയളവിലെ എല്ലാ നാശനഷ്ടങ്ങളും പരിഹരിച്ചുവെന്നും വ്യക്തമാക്കിയ സേന, തിരിച്ചടിക്കാൻ സൈനിക സേനയെ പരമാവധി സന്നദ്ധതയിൽ നിലനിർത്തുന്നുവെന്നും IRGC വ്യോമസേന കമാൻഡർ സർദാർ മൗസവിയെ ഉദ്ധരിച്ച് ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

അതേസമയം, സംഘർഷം വർദ്ധിക്കുന്നതിനനുസരിച്ച് അമേരിക്കയിലെയും ഇറാനിലെയും മുതിർന്ന ഉദ്യോഗസ്ഥർ തമ്മിലുള്ള നേരിട്ടുള്ള ബന്ധം തകർന്നതായി റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ വർഷം ഇറാനിയൻ മിസൈൽ ആക്രമണത്തിന് മണിക്കൂറുകൾക്ക് മുമ്പ് നടന്നതുപോലെ വൻതോതിലുള്ള സൈനികരെ ഒഴിപ്പിക്കുന്നതിന്റെ സൂചനകളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, മേഖലയിലെ പ്രധാന യുഎസ് വ്യോമതാവളം വിട്ടുപോകാൻ ചില ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്.

ഇറാനിലെ പ്രതിഷേധക്കാരെ സംരക്ഷിക്കാൻ വാഷിംഗ്ടൺ ഇടപെടുമെന്ന മുന്നറിയിപ്പിനിടെയാണ് ഈ നീക്കം. ഖത്തറിലെ യു.എസ്. സൈന്യത്തിന്റെ അൽ ഉദൈദ് എയർ ബേസിൽ നിന്ന് ചില ജീവനക്കാരോട് ബുധനാഴ്ച വൈകുന്നേരത്തോടെ സ്ഥലം വിട്ടു പോകാൻ നിർദേശം നൽകിയതായി റോയിട്ടേഴ്സും അൽജസീറയും റിപ്പോർട്ട് ചെയ്തു.

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക താവളമായ അൽ ഉദൈദിൽ ഏകദേശം 10,000 സൈനികരാണ് സേവനമനുഷ്ഠിക്കുന്നത്. ഈ നടപടി ഒരു പൂർണ ഒഴിപ്പിക്കൽ അല്ലെന്നും മറിച്ച് ഒരു മുൻകരുതൽ മാത്രമാണെന്ന് ഒരു ഡിപ്ലോമാറ്റ് തങ്ങളുടെ പ്രതിനിധിയോട് വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട്‌ ചെയ്തു. അതേസമയം യു.എസ്. എംബസിയും ഖത്തറിന്റെ വിദേശകാര്യ മന്ത്രാലയവും ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. ഉടനടി ഇറാൻ വിടാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ചൊവ്വാഴ്ച അമേരിക്കൻ പൗരന്മാരോടും ആവശ്യപ്പെട്ടു.

അതിനിടെ, യുഎസും ഇറാനും ഭീഷണികൾ പരസ്പരം കൈമാറ്റം ചെയ്തതോടെ ഇറാനിയൻ വിതരണ തടസ്സങ്ങൾ ഉണ്ടാകുമെന്ന ഭയത്തെ തുടർന്ന് ബുധനാഴ്ച തുടർച്ചയായ അഞ്ചാം സെഷനിലും എണ്ണവില ഉയർന്നു.

ബ്രെന്റ് ഫ്യൂച്ചറുകൾ 84 സെന്റ് അഥവാ 1.3% ഉയർന്ന് 1054 GMT-യിൽ ബാരലിന് 66.31 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഓയിൽ 81 സെന്റ് അഥവാ 1.3% ഉയർന്ന് ബാരലിന് 61.96 ഡോളറിലെത്തി.

ഭരണകൂടത്തിനെതിരായ ഇതുവരെയുള്ള ഏറ്റവും വലിയ പ്രതിഷേധങ്ങളാണ് ഇറാനിൽ നടന്നു വരുന്നത്. ഇറാൻ അടിച്ചമർത്തലിൽ സമീപ ദിവസങ്ങളിൽ 2,600 പേർ കൊല്ലപ്പെട്ടതായി ഒരു സന്നദ്ധ സംഘടന പറഞ്ഞു