ആശമാരെക്കാൾ വേതനം തടവുകാർക്ക്; തൊഴിലുറപ്പു തൊഴിലാളികൾക്ക് ദിവസം 369 രൂപ, തടവുകാർക്ക് 620 രൂപ

0
102

തിരുവനന്തപുരം: സംസ്ഥാനത്തു തടവുകാരുടെ പരമാവധി ദിവസവേതനം 620 രൂപയായി കൂട്ടിയ സർക്കാർ ആശാ വർക്കർമാരും തൊഴിലുറപ്പു തൊഴിലാളികളുമടക്കമുള്ളവർക്കു നൽകുന്നത് അതിലും കുറഞ്ഞ തുക. 8000 രൂപ ഓണറേറിയമടക്കം പരമാവധി 12,000 രൂപ മാസം കിട്ടിയാൽ പോലും ആശാ വർക്കർമാരുടെ ദിവസ വേതനം തടവുകാരുടേതിനെക്കാൾ 220 രൂപ കുറവ്.

തൊഴിലുറപ്പു തൊഴിലാളികൾക്കു സർക്കാർ 9 മാസം മുൻപു നടപ്പാക്കിയ വേതനവർധനപ്രകാരം പോലും കിട്ടുക ദിവസം 369 രൂപ മാത്രം. തടവുകാരുടേതിനെക്കാൾ 251 രൂപ കുറവ്. വിവിധ മേഖലകളിൽ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള മിനിമം വേതന നിരക്കു പോലും കണക്കിലെടുക്കാതെ ആഭ്യന്തര വകുപ്പ് തടവുകാരുടെ വേതനം കൂട്ടിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

കയർ തൊഴിലാളികൾക്ക് 468 രൂപ, സ്വകാര്യ സുരക്ഷാ ജീവനക്കാർക്ക് 596 രൂപ, കശുവണ്ടിത്തൊഴിലാളികൾക്ക് 538 രൂപ, പെട്രോൾ പമ്പ് ജീവനക്കാർക്ക് 458 രൂപ എന്നിങ്ങനെയാണ് മിനിമം വേതനം. ഇതൊന്നും കാലോചിതമായി പരിഷ്കരിക്കാതെയാണ് തടവുകാരുടെ കാര്യത്തിൽ സർക്കാർ പ്രത്യേക താൽപര്യം കാട്ടിയത്.