ചേർത്തല: വയലാർ റെയിൽവേ സ്റ്റേഷനു സമീപം ട്രെയിനിടിച്ചു മരിച്ച നിലയിൽ കണ്ടെത്തിയ ഗൃഹനാഥന്റെ മൃതദേഹം വീട്ടുകാർക്കു വിട്ടുനൽകിയത് തലയില്ലാതെ. സംസ്കാരം നടത്തിയതിന്റെ അടുത്ത ദിവസം റെയിൽവേ പാളത്തിനു സമീപത്തു നിന്ന് കണ്ടെത്തിയ തല പിന്നീട് ശരീരഭാഗം സംസ്കരിച്ച സ്ഥലത്തു സംസ്കരിച്ചു.
വയലാർ കളേഴത്ത് മെറിവില്ലയിൽ കെ.എം.വിജയനെ (61) വയലാർ റെയിൽവേ സ്റ്റേഷനു സമീപം 9ന് രാവിലെയാണു ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്ന മൃതദേഹത്തിന്റെ തലയും ശരീര ഭാഗങ്ങൾക്കിടയിൽ ഉണ്ടാകുമെന്ന ധാരണയിലാണ് പോസ്റ്റ്മോർട്ടത്തിന് ശേഷം പട്ടണക്കാട് പൊലീസ് ബന്ധുക്കൾക്കു കൈമാറിയത്.
10ന് കാവിൽ സെന്റ് മൈക്കിൾസ് പള്ളിയിൽ സംസ്കാരം നടത്തി. 11ന് രാവിലെ അപകടം നടന്ന പാളത്തിനു സമീപം നാട്ടുകാർ തല കണ്ടെത്തി. സംഭവം അറിഞ്ഞു പൊലീസ് സ്ഥലത്തെത്തി ഇത് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടവും ഡിഎൻഎ പരിശോധനയും നടത്തി ബന്ധുക്കൾക്കു കൈമാറുകയായിരുന്നു.





